വർഷങ്ങൾക്കു ശേഷമാണു പ്രസി ഉറ്റ സുഹൃത്ത് പർവീണിനെ കാണുന്നത്. അതു ചെന്നെത്തിയത് മറ്റൊരു കഥയിലാണ്...
----------------------
രണ്ടു വർഷങ്ങൾക്കു ശേഷം ഈയിടെ എന്റെ ഉറ്റ സുഹൃത്ത് പർവീൺ അമേരിക്കയിൽ നിന്നും എന്നെ കാണാനായി ക്ലിനിക്കിൽ എത്തി. അവളെ കണ്ടപ്പോഴാണ്, പഴയ ആ സംഭവം ഓർമ്മയുടെ താളുകളിൽ നിന്നും ഞാൻ വീണ്ടും പൊടിതട്ടിയെടുത്തത്.
അക്കാലത്ത് ഞങ്ങളുടെ ലേഡീസ് ഹോസ്റ്റൽ (LH) കെട്ടിടത്തെ 'ഓൾഡ് ബ്ലോക്ക്' എന്നും 'ന്യൂ ബ്ലോക്ക്' എന്നും രണ്ടായി തിരിച്ചിരുന്നു. ന്യൂ ബ്ലോക്കിലെ പരിഷ്കാരികളായ അന്തേവാസികളായിരുന്നു 97 ബാച്ചിലെ റോഷിനി, ട്രീസ ജോർജ്, 98 ബാച്ചിലെ മായ മേരി തെക്കേൽ തുടങ്ങിയവരും; പിന്നെ ഞങ്ങളുടെ 2000 ബാച്ചിലെ പർവീൺ, നസിയ, സുപ്രിയ, രാജി, പത്മിനി, ഒപ്പം ഞാനും. ഓൾഡ് ബ്ലോക്കിലെ താമസക്കാരെ ഞങ്ങൾ ന്യൂ ബ്ലോക്കുകാർക്ക് അല്പം പുച്ഛമായിരുന്നു. നിഷ ജേക്കബ്, പ്രെറ്റി രാജ്, ലേഖ പി.കെ, അനു ഫിലിപ്പ് തുടങ്ങിയവരായിരുന്നു ഓൾഡ് ബ്ലോക്കിലെ പ്രധാനികൾ. പുറമെ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ഞങ്ങൾ കൂടുതൽ സമയവും ചിലവഴിച്ചിരുന്നത് ഓൾഡ് ബ്ലോക്കിലെ അവരുടെ മുറികളിലായിരുന്നു. കാരണം അവരായിരുന്നു ഞങ്ങളുടെ പ്രധാന 'ചങ്ക്സ്'.
ലേഡീസ് ഹോസ്റ്റലിനു ചുറ്റും എക്സിബിഷനിസം (Exhibitionism) വിനോദമാക്കിയ കുറച്ചു മനോരോഗികൾ അന്നുണ്ടായിരുന്നു. സീനിയേഴ്സ് അവർക്ക് ചാർത്തിനൽകിയ ഓമനപ്പേരായിരുന്നു 'ഷോമാൻ' (Showman). പല പ്രായത്തിലും രൂപത്തിലുമുള്ള ഷോമാന്മാർ ഹോസ്റ്റലിനു ചുറ്റും വിലസിയിരുന്നു. വെളുത്തവൻ, കറുത്തവൻ, ഇരുനിറമുള്ളവൻ... അങ്ങനെ പലതരം, പലവിധം! ഓൾഡ് ബ്ലോക്കിനും ന്യൂ ബ്ലോക്കിനുമൊക്കെ സ്വന്തമായി ഓരോ 'ആസ്ഥാന ഷോമാന്മാർ' തന്നെയുണ്ടായിരുന്നു. ഇതിനുപുറമെ ഇടയ്ക്കിടെ ചില പുതുമുഖങ്ങളും എത്താറുണ്ട്.
ഇക്കൂട്ടത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥാപാത്രമാണ് എച്ച്.എസ്.ക്യു (HSQ) ഷോമാൻ. മെഡിക്കൽ കോളേജിൽ നിന്നും ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ എച്ച്.എസ്.ക്യു-വിന് മുൻപുള്ള പൊന്തക്കാട്ടിലാണ് കക്ഷിയുടെ സ്ഥാനം. വലിയൊരു ചേമ്പിലയിൽ കണ്ണിനും വായയ്ക്കും മാത്രം ദ്വാരങ്ങളിട്ട്, അതുകൊണ്ട് മുഖം മറച്ചാണ് നിൽപ്പ്! അഞ്ചു വർഷവും ഒരു ദിവസം പോലും മുടങ്ങാതെ, ഉച്ചയ്ക്ക് മൂന്നു മണി കഴിയുമ്പോൾ പുള്ളിക്കാരൻ വളരെ ആത്മാർത്ഥതയോടെ അവിടെ പ്രത്യക്ഷപ്പെടും. എന്നിട്ട് അതുവഴി പോകുന്ന ഹോസ്റ്റൽ വിദ്യാർത്ഥിനികളെ ചൂളമടിച്ചു വിളിക്കും. ഓൾഡ് ബ്ലോക്കിലെ നിഷയുടെ മുറിയിൽ ഞാൻ സ്ഥിരമായി പോകുമായിരുന്നു. ഒരു ദിവസം അവിടെ ചെന്നപ്പോൾ അവൾ കുറെ കല്ലുകൾ പെറുക്കിവെച്ചിരിക്കുന്നത് കണ്ടു. "ഇതെന്തിനാ?" എന്ന് ചോദിച്ചപ്പോൾ, ഷോമാനെ എറിയാനാണെന്ന് നിഷ പറഞ്ഞു.
ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയനെപ്പോലെ എപ്പോഴും സംസാരിക്കുന്ന പ്രകൃതമായിരുന്നു നിഷയുടേത്. പാവം വിനി ജോസഫ് ആയിരുന്നു ആ വായാടിയുടെ റൂംമേറ്റ്. നിഷയുടെ മുറിയുടെ ജനൽ തുറന്നാൽ പുറകിൽ കാടാണ്. ഷോമാന്മാരുടെ ശല്യം കാരണം അവൾ ജനൽ തുറക്കാറേയില്ല. ഇനി വല്ലപ്പോഴും തുറന്നാലോ, അവിടെ സ്ഥിരപ്രതിഷ്ഠ പോലെ ഒരുത്തൻ നിൽപ്പുണ്ടാകും! അറിയാതെങ്ങാനും ഷോമാനെ കണ്ടാൽ, ആ 'പാപം' തീർക്കാൻ വിനി ഉടനെ ബൈബിൾ എടുത്തു വായിക്കുമായിരുന്നു. മറ്റൊരിക്കൽ ഒരു ഷോമാനെ കണ്ടപ്പോൾ, "എടോ, ഞങ്ങൾക്ക് ഇപ്പോൾ അനാട്ടമിയിൽ ഗ്ലൂട്ടിയസ് മസിൽ (Gluteus muscle) ആണ് ഡിസെക്ഷൻ. അതുകൊണ്ട് താൻ തിരിഞ്ഞു നിന്നാൽ ഞങ്ങൾക്കെന്തെങ്കിലും ഉപയോഗമുണ്ടായിരുന്നു!" എന്ന് വിളിച്ചുപറഞ്ഞ എന്റെയൊരു കൂട്ടുകാരിയെ ഞാൻ ഇപ്പോഴും ഓർക്കാറുണ്ട് (പേര് പരാമർശിക്കരുത് എന്ന് പുള്ളിക്കാരി പ്രത്യേകം വാണിംഗ് തന്നിട്ടുള്ളതിനാൽ പേരു പറയുന്നില്ല).
അങ്ങനെ പലതരം ഷോമാന്മാരെ കണ്ടുതഴമ്പി ഞങ്ങൾ മൂന്നാം വർഷത്തിൽ എത്തിയ സമയം. ഒരു ദിവസം മൈക്രോബയോളജി ക്ലാസ്സിൽ സ്വപ്ന മാഡം 'ഷൗമാൻ ഡയമണ്ട് സിൻഡ്രോമിനെ' (Schaumann-Diamond syndrome) കുറിച്ച് പഠിപ്പിക്കുകയായിരുന്നു. അന്ന് ഞാനും പർവീണും ഫസ്റ്റ് റോയിലാണ് ഇരുന്നിരുന്നത് (ലേറ്റ് ആയി വന്നതുകൊണ്ട് ഫസ്റ്റ് റോയിൽ ഇരിക്കേണ്ടി വന്നതാണ്; അല്ലാതെ ലാസ്റ്റ് റോ ആയിരുന്നു ഞങ്ങളുടെ സ്ഥിരം താവളം). മാഡം 'ഷൗമാൻ' (Schaumann - കേൾക്കുമ്പോൾ ഷോമാൻ എന്ന് തോന്നും) എന്ന് പറഞ്ഞതും പർവീൺ എന്റെ കാലിൽ ഒറ്റച്ചവിട്ട്! ഇതു കണ്ട് ചിരിച്ച പർവീണിനെയും ഒപ്പം ചിരിച്ച എന്നെയും മാഡം എഴുന്നേൽപ്പിക്കുകയും എന്തോ ഒരു ചോദ്യം ചോദിക്കുകയും ചെയ്തു. ഞാൻ എങ്ങനെയോ ഉത്തരം പറഞ്ഞു. എന്നാൽ പർവീണിന് ഉത്തരമറിയില്ലായിരുന്നു. മാഡം അവളെ ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിർത്തി. ക്ലാസ്സ് തീരുന്നതുവരെ അവൾ ബുക്കിൽ മുഖം പൂഴ്ത്തി അവിടെത്തന്നെ നിന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ പർവീണിന്റെ മുറിയിൽ ഇരിക്കുകയായിരുന്നു. അവളുടെ മുറിയുടെ ജനൽ തുറന്നാൽ കാണുന്നത് ഹോസ്റ്റലിന്റെ സൈഡ് റോഡാണ്. അവിടെ മിക്കപ്പോഴും കമിതാക്കളെ കാണാം. 'ലവേഴ്സ് ലെയ്ൻ' (Lovers' Lane) എന്ന് പോലും ആ റോഡിന് അന്ന് പേരുണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ. അന്ന് ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ പർവീൺ പെട്ടെന്ന് പറഞ്ഞു: "ദേ മണ്ണൂ, ഒരു പുതിയ ഷോമാൻ! കുറേ നേരമായി ആ കപ്പക്കാട്ടിൽ നിന്നും കൈകാട്ടി വിളിക്കുന്നു". പർവീണിന്റെ മുറിയിലും കല്ലുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവളൊരു കല്ലെടുത്ത് ഒരേറ് വെച്ചുകൊടുത്തു. അത് കൃത്യം അവന്റെ തലയിൽ തന്നെ കൊണ്ടു. അതോടെ അയാൾ കാട്ടിൽ നിന്ന് പുറത്തുവന്നു. എന്നാൽ എറിഞ്ഞ കൂട്ടത്തിൽ ഒരു കല്ല് ചെന്നുകൊണ്ടത് 99 ബാച്ചിലെ അനില ചേച്ചിയെ കാണാൻ വന്ന ആന്റണി ചേട്ടനായിരുന്നു!
കുറച്ചു കഴിഞ്ഞപ്പോൾ, ഈ ലവേഴ്സ് ലെയ്നിലൂടെ നമുക്കൊന്ന് നടക്കാൻ പോയാലോ എന്ന് പർവീൺ ചോദിച്ചു. സമയം ഏകദേശം ആറര ആയിക്കാണും. ഞങ്ങൾ രണ്ടുപേരും പതിയെ ആ വഴിയിലൂടെ നടന്നു. ഇവിടുന്ന് നടന്ന് ഐ.സി.എച്ചിൽ (ICH) പോയി ഒരു മസാലദോശയും കഴിച്ച് വരാമെന്ന് ഞാൻ അവളോട് പറഞ്ഞു. ഞാനാ വഴി ഇതിനുമുൻപ് മെഡിക്കൽ കോളേജിലേക്ക് പോയിരുന്നില്ല. കുറച്ചു ദൂരം നടന്നിട്ട് തിരിച്ചു വരാമെന്ന് പർവീൺ പറഞ്ഞു. അങ്ങനെ ഞങ്ങൾ മുന്നോട്ട് നടന്നു. ആ വഴിയിൽ വീടുകളൊന്നുമില്ലായിരുന്നു; കുറേ റബ്ബർ മരങ്ങൾ മാത്രം. പെട്ടെന്നാണ് ഞങ്ങളുടെ പിന്നിലൂടെ ആരോ നടന്നു വരുന്ന ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. പർവീൺ നേരത്തെ കല്ലെറിഞ്ഞ ആ ഷോമാൻ ദാ നിൽക്കുന്നു ഞങ്ങളുടെ തൊട്ടുപുറകിൽ! നേരം ഇരുട്ടിത്തുടങ്ങിയിരുന്നു, കൂടെ ചാറ്റൽമഴയുമുണ്ട്.
ഹോസ്റ്റൽ പിന്നിട്ട് ഞങ്ങൾ കുറച്ചു ദൂരമെത്തിയിരുന്നു. ഇനി പുറകോട്ടു നടക്കാൻ പറ്റില്ല. ഒരു മനുഷ്യനോ വീടുകളോ ഇല്ലാത്ത വിജനമായ വഴി. ചുറ്റും റബ്ബർമരങ്ങൾ മാത്രം. "പെട്ടെന്ന് നടക്കാം പർവീൺ" എന്ന് ഞാൻ പതിയെ പറഞ്ഞു. ഞങ്ങൾ പരസ്പരം കൈപിടിച്ച് വേഗത്തിലോടി. അയാളും ഞങ്ങളുടെ പുറകെത്തന്നെ ഉണ്ടായിരുന്നു. ഓട്ടത്തിനിടയിൽ ആ വഴിയിൽ ഒരു വീട് ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളുടെ തൊട്ടടുത്ത് എത്താറായിരുന്നു. ഞങ്ങൾ ആ വീട്ടിൽ കയറാനായി ഓടി ഗേറ്റിനടുത്തെത്തി. ഗേറ്റ് തുറക്കാൻ നോക്കുമ്പോഴാണ് ആ സത്യം ഞങ്ങൾ മനസ്സിലാക്കിയത്—ഗേറ്റ് വലിയൊരു താഴിട്ട് പൂട്ടിയിരിക്കുകയായിരുന്നു! എന്തായാലും ഞങ്ങൾ ആ ഗേറ്റിൽ പിടിച്ചു നിന്നതും, ഷോമാൻ പെട്ടെന്ന് തിരിഞ്ഞോടി. അയാൾ ഓടി മറഞ്ഞപ്പോഴാണ് ഞങ്ങളുടെ മനസ്സിലെ തീ ഒന്ന് കെട്ടടങ്ങിയത്.
ലേഡീസ് ഹോസ്റ്റലിനു പുറകിലെ ആ റോഡ് എന്തൊരു വിജനമായ സ്ഥലമായിരുന്നു! ഇന്നിപ്പോൾ അവിടം എങ്ങനെയുണ്ടാവുമോ എന്തോ? അവിടെ നിന്നും ഞങ്ങൾ നടന്ന് കോഫി ഹൗസിലെത്തി. മസാലദോശയും കഴിച്ച് മെയിൻ റോഡ് വഴി തിരികെ ഹോസ്റ്റലിൽ എത്തിച്ചേർന്നു. ഇന്നും ആ സംഭവം ഓർക്കുമ്പോൾ, മനസ്സിൽ നേരിയൊരു ഭയമില്ലാതെ എനിക്ക് ചിന്തിക്കാൻ കഴിയാറില്ല.

Comments
Post a Comment