Calcutta Trip: 1 - City of Joy

 



ആ കുന്നിൻ മുകളിൽ കോഴി കൂവാൻ അന്ന് പതിവിലും വൈകി. അപ്പോഴേക്കും അനന്തൻ്റെ ആദ്യകിരണങ്ങൾ കുന്നിന്മുകളിലെ 'ഭാർഗവീനിലയ'മായ MH-ൻ്റെ ടെറസിൽ തട്ടി ചിന്നിച്ചിതറിക്കഴിഞ്ഞിരുന്നു. എഴുന്നേൽക്കാൻ ലേയ്റ്റായ പെരിച്ചാഴികൾ MH-ൻ്റെ പുറകുവശത്തുള്ള കപ്പത്തോട്ടത്തിൽ മരച്ചീനി പരതി മടുത്ത്, MH-ലെ 'പെരിച്ചാഴികളെ' കുടുംബത്തോടെ ശപിച്ചു.

MH ലെ ഏറ്റവും താഴത്തെ നില. അനന്തൻ പോലും കടന്നുചെല്ലാൻ മടിക്കുന്ന ആഴിയുടെ അടിത്തട്ട് പോലെ നിഗൂഢമായ പ്രദേശം. അതിൻ്റെ കൊറിഡോർ കാവൽക്കാരായ കില്ലപട്ടികൾ അവരുടെ മോണിംഗ് റൂട്ടിൻ ബോഡി സ്ട്രെച്ചിങ്ങ് നടത്തുന്നു. ആളനക്കം നന്നേ കുറവുള്ള ആ നിലയിലെ ഒരു മുറിയിൽ, ശ്വാസോച്ഛ്വാസം പോലെ നേർത്ത ഒരു ശബ്ദം മാത്രം. നമ്മുടെ 'ചങ്ക്' കട്ടിലിൽ കിടന്ന് വായിക്കുകയാണ്. MBBS എന്ന തൊഴിലിന് ഗുണം ചെയ്യുന്ന എന്തെങ്കിലുമൊന്നാണ് വായിക്കുന്നതെന്ന് തെറ്റിധരിക്കരുത്. MBBS എന്ന നാലക്ഷരങ്ങൾ തീർക്കുന്ന വേലിക്കുള്ളിൽ ഒതുങ്ങുന്നവനല്ല ചങ്ക്. അവൻ്റെ ചിന്തകൾക്ക് അതിരുകളില്ല വിലക്കുകളില്ല. കവി പാടിയതുപോലെ അത് ‘സീമാതീതമനന്തം’.

ഇപ്പോഴത്തെ ഈ വായനയ്ക്ക് പക്ഷേ വേറൊരു കാരണം കൂടിയുണ്ട്. നാലാംവർഷ MBBS തിയറി പരീക്ഷ എന്തോ കാരണത്താൽ രണ്ടുമാസം നീട്ടിവച്ചിരിക്കുകയാണ്. വീട്ടിൽ പോകാതെ 'പഠിപ്പിസ്റ്റുകൾ' മൂന്നാം വട്ടം റിവിഷൻ ആരംഭിച്ചപ്പോൾ, ചങ്ക് മൂന്നാമത്തെ പുസ്തകവുമായി കട്ടിലിൽ കയറിയിട്ട് മൂന്നു ദിവസമായി. ജർമനിയിലെ നാസിസത്തിൻ്റെ ഉത്ഭവവും വളർച്ചയും തകർച്ചയും വിവരിക്കുന്ന ബ്രഹ്മാണ്ഡ പുസ്തകം, “The Rise and Fall of the Third Reich”, വായിച്ചുപേക്ഷിച്ച രീതിയിൽ മേശയുടെ അടിയിൽ കിടക്കുന്നു. രണ്ടു വാല്യങ്ങളുള്ള "Israel: From the Rise of Zionism to Our Time" അതിൻ്റെ രണ്ടു വശങ്ങളിലും.

ചുവരിൽ ചാരിക്കിടക്കുന്ന ചങ്കിൻ്റെ കുംഭയിൽ കംഫർട്ടബിളായി മെല്ലെ ഉയർന്നു താഴുകയാണ് ഡൊമിനിക്ക് ലപിയേറിൻ്റെ കൽക്കട്ടയെ ആസ്പദമാക്കിയ നോവൽ, “City of Joy”. പുള്ളിയുടെ തന്നെ “Freedom at Midnight” എന്ന പുസ്തകം വായിച്ച് ആവേശംകൊണ്ടപ്പോൾ എടുത്തതാണ് City of Joy. ഫ്രീഡവും അതിൽ നിന്നുണ്ടാകുന്ന ജോയിയും ചങ്കിന് അന്നും ഇന്നും വിലപ്പെട്ടതാണ്.

പെട്ടെന്ന്, പാതി തുറന്ന ജനാലയിലൂടെ ഉള്ളിലെത്തിയ പുറത്തെ ശബ്ദകോലാഹലം ചങ്കിൻ്റെ കോൺസെൻട്രേഷൻ കളഞ്ഞു. ചങ്കിൻ്റെ റൂമിൻ്റെ സൈഡിലാണ് ഹോസ്റ്റൽ മെസ്സിൻ്റെ അടുക്കള ഭാഗം. രാവിലെ അവിടെ എച്ചിൽ നക്കാൻ വന്ന ഒരു കില്ല പട്ടിയുടെ മുകളിലേക്ക്, MH ക്യാമ്പസിലെ ഗംഭീരങ്ങളായ തണൽമരങ്ങളിൽ ഒന്നിലിരുന്ന് ഒരു കാക്ക ഔചിത്യബോധമില്ലാതെ പ്രാഥമിക കർമ്മം നിർവഹിച്ചു. കാക്കയുടെ എച്ചിൽ വീണതിലുള്ള പ്രതിഷേധമാണ്, ചങ്കിനെ കൊൽക്കത്തയിലെ പൊട്ടിപ്പൊളിഞ്ഞ ഉൾവഴികളിൽ നിന്ന് MH-ലെ കട്ടിലിൽ തിരിച്ചെത്തിച്ചത്.

തുറന്നപടി പുസ്തകം വയറിൽ കിടത്തി ചങ്ക് മെല്ലെ കണ്ണുകൾ പുറത്തേക്ക് പായിച്ചു. പൊടുന്നനെ റൂമിൻ്റെ വാതിൽ തള്ളിത്തുറന്ന് ചങ്കിൻ്റെ ചങ്കായ നിസാം അലി എത്തി.

വാതിൽ തള്ളി തുറന്നു വന്ന നിസാമിനെക്കണ്ടതും ചങ്ക് മേലനങ്ങാതെ ഉള്ളിൽ ഞെട്ടി.

“നീ എന്താ പതിവില്ലാതെ ഈ നേരത്ത്? പല്ല് തേക്കാൻ പേയ്സ്റ്റ് ഇല്ലേ?”

“എനിക്കെന്തിനാടാ പേയ്സ്റ്റ്?”

“ഓ, നീ പല്ലു തേക്കാറില്ലല്ലോ...” ചങ്ക് വീണ്ടും പുസ്തകം കയ്യിലെടുത്തു.

“അതല്ലടാ, ഇന്നലെ മെസ്സിൽ നിന്ന് കഴിച്ചത് വയറ്റിൽ പിടിച്ചില്ല. രാവിലെ എഴുന്നേൽക്കേണ്ടി വന്നു.”

“ഇന്നലെ മെസ്സിൽ നിന്ന് കഴിച്ചത് പലർക്കും പിടിച്ചിട്ടില്ല. ഇക്കണക്കിന് പോയാൽ വാസുവും ഷേരുവും രണ്ട് കാറ് മേടിക്കും.” എച്ചിൽ തിന്ന പട്ടിയുടെ കാര്യമോർത്ത് ചങ്ക് പറഞ്ഞു.

ചങ്കിൻ്റെ നെഞ്ചിലിരിക്കുന്ന പുസ്തകം അപ്പോഴാണ് നിസാമിൻ്റെ ശ്രദ്ധയിൽ പെട്ടത്.

“ഓ, നീ അടുത്ത ബുക്ക് തുടങ്ങിയോ? ഞാനാണെങ്കിൽ ഇന്ന് എന്തു ചെയ്യുമെന്ന് ഓർത്തോണ്ടിരിക്കുവായിരുന്നു.”

“എവിടെയിരുന്നു, കക്കൂസിലിരുന്നോ? ഒരു സമയത്ത് ഒരു പണി ചെയ്യടാ.”

അതുകേട്ട് നിസാം ചിരിച്ചു. എന്നിട്ട് കട്ടിലിലേക്ക് ഒരു ‘സോമർ സോൾട്ട്’ നടത്തി. ഭൂകമ്പം വന്ന പോലെ കട്ടിൽ കുലുങ്ങി. തെറിച്ചു താഴെപ്പോകാതെ ഒരു തരത്തിൽ കട്ടിലിൻ്റെ ഇരുമ്പുകാലിൽ തൂങ്ങി 
ചങ്ക് കിടന്നു. അങ്ങനെ തൂങ്ങിക്കിടക്കുന്നതിനിടെ ചങ്കിൻ്റെ ചിന്തയിലേക്ക് വായനയിലൂടെ കണ്ട കൽക്കട്ട കയറിവന്നു. വന്നതുമാത്രമേ ചങ്കിന് ഓർമ്മയുള്ളൂ, പിന്നെയെല്ലാം പെട്ടെന്നായിരുന്നു.

“എടാ നിസാമേ, നമുക്ക് കൽക്കട്ടയ്ക്ക് പോയാലോ?”

സൈനിക സ്കൂളിൽ പഠിച്ചുവന്നവനാണ് നിസാം. അവിടെ ടീച്ചർ ഒരു ചോദ്യം ചോദിച്ചാൽ നൊടിയിടയിൽ ഉത്തരം പറയണം, അതാണ് നിയമം. ചോദ്യം കേൾക്കലും ഉത്തരം പറയലുമൊക്കെ നിസാമിന് നൈമിഷികമാണ്. പരിചയമില്ലാത്തവരിൽ ഇത് ആശ്ചര്യം സൃഷ്ടിക്കുമെങ്കിലും, നമ്മുടെ മനസ്സിലുള്ളത് മരത്തിൽ കാണുന്ന ചങ്കിന് ചോദ്യം ചോദിക്കുന്നതിന് മുമ്പേ ഉത്തരം അറിയാം. നിസാം പറഞ്ഞതും ചങ്ക് പ്രതീക്ഷിച്ചതും ‘സെയിം സെയിം’.

“അളിയാ, അതുകൊള്ളാം... പോയേക്കാം”.

കൽക്കട്ടയിൽ പോകുന്നത് MHലെ കപ്പക്കാലായിൽ പോകുന്ന പോലെ ലഘുവാണ് നിസാമിന്.

“എന്നാ നിസാമേ, നീ ഇനി സമയം കളയണ്ട, നേരെ റെയിൽവേ സ്റ്റേഷനിൽ പോയി ടിക്കറ്റ് കിട്ടുമോന്ന് നോക്ക്.”

“ഓഹോ, ഞാൻ ടിക്കറ്റെടുക്കാൻ പോകണം, നീ ഇവിടെ കിടക്കും. അല്ലേടാ?”

“എടാ, അങ്ങനെയല്ല. സീ… ഞാൻ പോകേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് പ്രിപ്പയർ ചെയ്യട്ടെ. ഒരു സൂപ്പർ ‘മെമ്മറബിൾ’ ട്രിപ്പ് വേണ്ടേ നമുക്ക്? നീ വിട്ടോ, എൻ്റെ ബൈക്ക് എടുത്തോ.”

“ശരി, പക്ഷേ നിൻ്റെ ഔദാര്യമായി എനിക്ക് നിന്റെ ബൈക്ക് വേണ്ട. എൻ്റെ വണ്ടിയിൽ പെട്രോളില്ലാത്തതുകൊണ്ട് ഞാൻ തത്കാലം ക്ഷമിക്കാം. താക്കോലെവിടെ?”

“ദാ കിടക്കുന്ന പാന്റിൻ്റെ പോക്കറ്റിൽ കാണും.”

താക്കോലെടുത്ത് നിസാം ഇറങ്ങിയതിന് പുറകേ, ലിസ്റ്റുണ്ടാക്കുന്ന കർമ്മത്തിലേക്ക് ചങ്ക് കടന്നു. കിടന്ന കിടപ്പിൽ കണ്ണടച്ച് കൽക്കട്ട സ്വപ്നം കണ്ടു. സ്വപ്നത്തിൽ അവൻ സോനാഗാച്ചി കണ്ടു.

Ye duniya do rangi hai
Ek taraf se resham hai tho, ek taraf se nangi hai
Ek taraf andhi daulat ki paagal aish parasti
Ek taraf jismoñ ki qeemat roti se bhi sasti
Ek taraf hai Sonaagaachi, ek taraf Chaurangi hai
Ye duniya do rangi hai

പിന്നെ പതിയെ കൂർക്കം വലിച്ചു.

തുടരും

Comments

Random Old Posts