Calcutta Trip: 3 - Mark(et) Antony
പിറ്റേദിവസം രാവിലെ കുളിയും തേവാരവും കഴിഞ്ഞ്, ലഗേജ് പാക്ക് ചെയ്ത് ചങ്കുകൾ ബൈക്കിൽ കയറിയപ്പോൾ തന്നെ ഉച്ചയായി. ലഗേജ് എന്ന് പറയാൻ കാര്യമായൊന്നുമില്ല. ഷോൾഡർ ബാഗിൽ മൂന്നുനാലു ദിവസത്തേക്കുള്ള ഡ്രെസ്സും അത്യാവശ്യ സാധനങ്ങളും. മധുവിൻ്റെ ചേച്ചിക്കുള്ള ബാഗിന് അതിലും വലുപ്പമുണ്ട്. ഷോൾഡർ ബാഗിലുള്ളത്, ചങ്കുകളുടെ പോക്കറ്റിലെ പേഴ്സിലുള്ളത് വച്ച് നോക്കുമ്പോൾ വളരെ ഭേദം.
“നിനക്കൊക്കെ വട്ടാണോ?” എന്ന് ഇർഷാദ് പ്ലാൻ കേട്ടപ്പോൾ തന്നെ പുച്ഛിച്ചിരുന്നു. ഒളിമ്പിക്സിൽ ഓടാൻ പോകുന്നവന് ഒരു ലക്ഷ്യമേ പാടുള്ളൂ: മെഡൽ മേടിക്കുക. പരാധീനതകളും കുത്തുവാക്കുകളും അതിനൊരു പ്രതിബന്ധമാകാൻ പാടില്ല. ചങ്കുകളുടെ ഇപ്പോഴത്തെ ലക്ഷ്യം കൽക്കട്ട മാത്രം.
എറണാകുളം എത്തിയപ്പോൾ ബൈക്ക് ഓടിക്കുന്ന ചങ്ക് പുറകിലിരിക്കുന്ന ഗഡിയോട് മുഖം ചെരിച്ച് ചോദിച്ചു. “ഡാ, ഇനി ലിക്സന്റെ വീട്ടിലേക്ക് എങ്ങനാ പോകുന്നേ?”
“നിനക്കറിയാവുന്ന വഴി പോയ്ക്കോ.”
“എനിക്കറിയാമെങ്കിൽ നിന്നോട് ചോദിക്കുമോടാ കോപ്പേ!”
“എനിക്കറിയാമെങ്കിൽ നിന്നോട് പറയില്ലേടാ കോപ്പേ!”
ഓടുന്ന ബൈക്കിൽ വീശുന്ന കാറ്റിൽ നടന്ന ഈ സംഭാഷണത്തോടെ ബൈക്കിൻ്റെ ഓട്ടം നിലച്ചു. ചങ്ക് വണ്ടി നിർത്തി ഗഡിയെ തിരിഞ്ഞു നോക്കി. ഫോൺ വിളിച്ചു ചോദിക്കാൻ മൊബൈൽ ഇല്ലാത്ത കാലമാണ്.
“നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാം,” ഗഡി ഉപായം പറഞ്ഞു.
“എന്തോന്ന് ചോയിക്കും? ലോക പ്രശസ്ത സിനിമാ സംവിധായകനും ഫോട്ടോഗ്രാഫറുമായ 'അന്തോണി ഗോൺസാൽവസ് ലിക്സ'ന്റെ വീടെവിടെന്നോ? ഈ ഇട്ടാവട്ടത്ത് തന്നെ കാണും ഒമ്പത് ആന്റണി ലിക്സൺമാർ.”
“ഹാ, നീ ഇങ്ങനെ നിരാശനാവാതെ. ഒമ്പതിൽ ഒന്ന് അവൻ്റെ വീടല്ലേ... ദാ, ആ വരുന്ന ചേട്ടനോട് ചോദിക്കാം.”
ഗഡിയുടെ ശുഭാപ്തിവിശ്വാസം ചങ്കിനെ ഒരൽപ്പം കൂളാക്കി. ചേട്ടനടുത്തെത്തിയപ്പോൾ നിസാം തൻ്റെ വാക്ചാതുരി പുറത്തെടുത്തു. “ചേട്ടാ, ഒരു ആന്റണിയുടെ വീടറിയാമോ? അപ്പൻ്റെ പേര്...” ചേട്ടൻ ചോദ്യം മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. “നമ്മടെ മീൻചന്ത അന്തോണിയാണാ? നേരേ അങ്ങാട് പോയി തെക്ക് തിരിഞ്ഞ്, മക്കള് ആരോട് ചോദിച്ചാലും വീട് കാണിച്ചു തരും കേട്ടോ. നിങ്ങള് എവിടുന്നാ?”
മറുപടി പറയാൻ തുടങ്ങിയ നിസാമിൻ്റെ കാലിൽ ചവിട്ടി, ചങ്ക് കണ്ണുകൊണ്ട് 'നോ' കാണിച്ചു. അതനുസരിച്ച് ഉടനടി ഗഡി ഉത്തരം മോഡിഫൈ ചെയ്തു. “ഞങ്ങൾ അങ്ങ് വടക്കുനിന്നാ. ഇത് ഏതാ ശരിക്കും സ്ഥലം?”
“ആ… എന്നിട്ടാണോ അന്തോണിയെ ചോദിക്കുന്നേ? ഇത് ചമ്പക്കരയാണ്.” ഇതു പറഞ്ഞ് ചേട്ടൻ ഒന്നു നിർത്തി. ചങ്കുകളെ പരുഷമായി നോക്കി നിലത്ത് കാർക്കിച്ചു തുപ്പി. “ആ... മക്കള് അങ്ങാട് ചെല്ല്,” ഇതുപറഞ്ഞ് തിരിഞ്ഞു നടന്നു.
ചങ്കുകൾ പരസ്പരം നോക്കി. എന്തോ വശപിശകുണ്ട്. ഉന്നതകുലജാതനും പകൽ മാന്യനുമായ ലിക്സണ് ചമ്പക്കര 'മീൻചന്ത ആന്റണി' എന്ന ആരും അറിയാത്ത മറ്റൊരു മുഖമുണ്ടോ?
“എടാ, ഇവിടെയുള്ള ആദ്യത്തെ ആന്റണി തന്നെ ഇങ്ങനെയാണെങ്കിൽ ബാക്കി എട്ടെണ്ണം എന്താകും. നീയൊരു കാര്യം ചെയ്യ്, എൻ്റെ ബാഗിൽ ചിലപ്പോൾ പഴയ അഡ്രസ്സ് ബുക്ക് കാണും. അവൻ്റെ നമ്പർ കിട്ടിയാൽ വല്ല ബൂത്തിൽ നിന്നും വിളിച്ച് അവനോട് വഴി ചോദിക്കാം,” ചങ്ക് ബാഗ് ഊരി നിസാമിന് കൊടുത്തു. “വാ, കേറ്.”
ബാഗ് വൃത്തിയായി സൂക്ഷിക്കുന്ന സ്വഭാവം ചങ്കിന് ഇല്ലാത്തത് തുണയായി. എന്നോ ഇട്ട അഡ്രസ് ബുക്കിൻ്റെ സഹായത്തോടെ ലിക്സന്റെ വീട്ടിലെത്തി. ലിക്സൺ സന്തോഷത്തോടെ ചങ്കുകളെ സ്വീകരിച്ചു സത്കരിച്ചു. ബിസ്കറ്റ് ഒരെണ്ണം വായിലിട്ട് ചായയുമായി ചേർത്ത് അലിപ്പിച്ച് രുചിക്കുന്നതിനിടയിൽ ചങ്ക് ലിക്സണോട് ചോദിച്ചു. “അളിയാ, ഈ 'മീൻചന്ത ആന്റണി' ആരാണ്?”
പെട്ടെന്ന് ലിക്സൺ കയ്യോങ്ങി ശബ്ദം കുറയ്ക്കാൻ ആംഗ്യം കാണിച്ചു. “എടാ, ഒന്ന് പതുക്കെ പറ. അങ്ങേര് ഈ നാട്ടിലെ അറിയപ്പെടുന്ന k___n* ആണ്. നിനക്കെങ്ങനെ അയാളെ അറിയാം? സത്യം പറയടാ ലാലേ, നിങ്ങൾ രണ്ടും കൂടി ആരെക്കാണാനാണ് ഇറങ്ങിയത്?”
മറുപടി പറഞ്ഞത് നിസാമാണ്. “ഏയ്, നിൻ്റെ വീടന്വേഷിച്ചപ്പോൾ ഒരാൾ ഈ പുള്ളിയുടെ വീട്ടിലേക്ക് ഞങ്ങളെ പറഞ്ഞു വിട്ടു… അല്ല… വിടേണ്ടതായിരുന്നു. പിന്നെ ഞങ്ങൾക്ക് തോന്നി നീ അങ്ങനെയാവാൻ വഴിയില്ലല്ലോന്ന്...” നിസാമിൻ്റെ ‘പാര’ ചങ്കിനും പിടിച്ചു. രണ്ടു പേരും കുലുങ്ങി ചിരിച്ചു.
“ഓ… കോമഡി… എന്ത് പൊട്ടന്മാരാടോ നിങ്ങൾ! ഈ ലോകത്തിൻ്റെ സെന്ററായ വൈറ്റിലയിൽ ചെന്ന് ആരോടു ചോദിച്ചാലും ആന്റണി ലിക്സന്റെ വീട്ടിൽ കറക്റ്റ് എത്താമായിരുന്നു. ചുമ്മാ കണ്ടവന്മാരുടെ വീട്ടിൽ ചെന്നു കേറി തല്ലും മേടിച്ച് എൻ്റെ പേരുകൂടി ചീത്തയാക്കിയേനെ.”
അങ്ങനെ കൊണ്ടും കൊടുത്തും ചായ കുടി കഴിഞ്ഞു ചങ്കുകൾ പോകാൻ പുറത്തിറങ്ങി. ക്യാമറ നിസാമിൻ്റെ കയ്യിൽ കൊടുത്ത് ലിക്സൺ പറഞ്ഞു: “നിസാമേ, ക്യാമറ സൂക്ഷിക്കണം. പോകുന്ന വഴി ഫിലിം മേടിച്ചിടാൻ മറക്കണ്ട. കോഡാക്ക് തന്നെയിടണം, ലോ ക്ലാസ് ഫിലിംസ് ഇടാൻ ഉള്ളതല്ല എൻ്റെ ക്യാമറ. കടയിലുള്ളവന്മാർ തന്നെ ഫിലിം ലോഡ് ചെയ്തു തരും. എന്നാ പിന്നെ ഇനി സമയം കളയണ്ട, വൈകിട്ടല്ലേ ട്രെയിൻ? മക്കള് വിട്ടോ…”
"മോനേ ലിക്സാ... നീ... നീ ആരെയാടാ ക്യാമറ കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നേ, ങേ? മാർപ്പാപ്പയെ കുർബാന പഠിപ്പിക്കല്ലേ...” ലിക്സന്റെ കവിളിൽ ഒരു തേമ്പ് കൊടുത്ത് നിസാം ബൈക്കിൻ്റെ പുറകിൽ കയറി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ട്രെയിനും കയറി.
(തുടരും)
*Slang for a Male sex worker

Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.