← All posts

CHIRí YEKSHí - Sulumol

January 07, 2026



പുതിയ വാടക വീട്ടിലേക്ക് താമസം മാറിയ സമയം. ചിരിയും കളിയുമായി ഏകദേശം ഒരാഴ്ച പെട്ടെന്ന് കടന്നുപോയി. ക്രിസ്മസ് സീസൺ എത്തി. മകനും ഭർത്താവും വെക്കേഷൻ ടൂർ എന്ന് പറഞ്ഞ് എവിടെയൊക്കെയോ പോയി. എനിക്ക് ആ സമയത്ത് ക്ലിനിക്കിൽ നല്ല തിരക്കായതിനാൽ ഞാൻ കൂടെ പോയില്ല. വീട്ടിൽ പണി കുറഞ്ഞതിനാൽ മെയ്ഡ് ചേച്ചിക്ക് നാട്ടിൽ പോകാൻ ആഗ്രഹം. വെക്കേഷൻ അല്ലേ, പാവം പൊയ്ക്കോട്ടേ എന്ന് ഞാനും വിചാരിച്ചു.

ഇവരൊക്കെ വീട്ടിൽ ഉള്ളപ്പോൾ ടിവി എനിക്ക് നിഷിദ്ധമാണ്. അതുകൊണ്ട് തനിയെ ആയപ്പോൾ കുറേ സിനിമകൾ കാണണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. കാണേണ്ട സിനിമകളുടെ ലിസ്റ്റ് എന്റെ PRO എനിക്ക് വാട്സാപ്പിൽ അയച്ചുതന്നു. ഓരോ ഫിലിമിന്റെ നേരെയും ബ്രാക്കറ്റിൽ ഹൊറർ, കോമഡി എന്നൊക്കെ എഴുതിച്ചേർത്ത് പുള്ളിയുടെ ആത്മാർത്ഥത ഊട്ടിയുറപ്പിച്ചിരുന്നു. ലിസ്റ്റിലെ ആദ്യത്തെ പേരുതന്നെ എന്നെ വല്ലാതെ ആകർഷിച്ചു — "Dies Irae".

ഹൊറർ മൂവികൾ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഒരുവിധം ഹൊററിൽ ഒന്നും ഞാൻ പേടിക്കാറില്ല; പ്രത്യേകിച്ച് മലയാളം സിനിമകളിലെ യക്ഷികളും പ്രേതങ്ങളുമൊക്കെ എനിക്ക് കോമഡി ആയിട്ടാണ് തോന്നാറുള്ളത്. അങ്ങനെ "Dies Irae" തന്നെ കാണാമെന്ന് നിശ്ചയിച്ചു.

വൈകിട്ട് ക്ലിനിക്കിൽ നിന്ന് എത്തി റിലാക്സായി ഞാൻ മൂവി കാണാൻ തുടങ്ങി. പടം കുഴപ്പമില്ല, ഒരു പുതിയ എക്സ്പീരിയൻസ്. എനിക്ക് വലിയ പേടി ഒന്നും തോന്നിയില്ല. ഇതിലും വലിയ ഹൊററുകൾ ക്ലിനിക്കിൽ എത്താറുണ്ട്. ഗ്ലൂട്ടത്തയോൺ ഇൻജെക്ഷൻ എടുത്തിട്ടും വെളുത്തില്ല എന്നു പറഞ്ഞ് രാവിലെ മുതൽ ക്ലിനിക്കിൽ വിളിച്ച് ചീത്ത പറയുകയും നെഗറ്റീവ് ഗൂഗിൾ റിവ്യൂസ് ഇടുകയും ചെയ്യുന്ന ഒരു പത്തൊൻപതുകാരനാണ് സിനിമയിലെ ഭൂതത്തെക്കാളും അന്ന് എന്നെ പേടിപ്പിച്ചത്.

സിനിമ രസിച്ചു കണ്ട് ഞാൻ കിടക്കാൻ തയ്യാറായി. ഒറ്റയ്ക്ക് ബെഡ്റൂമിൽ കിടന്നപ്പോൾ എന്തോ ഒരു ചെറിയ ഭയം പോലെ. ഹൊറർ പടം കണ്ടതല്ലേ, ഒരു ചെറിയ പേടിയൊക്കെ സ്വാഭാവികം എന്ന് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു. ഞാൻ എഴുന്നേറ്റിരുന്ന് പതിവില്ലാതെ ചെറിയൊരു പ്രാർത്ഥന ചൊല്ലി, ഫൂട്ട് ലാമ്പ് ഇട്ട് ഉറങ്ങാൻ കിടന്നു. ക്ഷീണം കാരണം പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി.

ഗാഢനിദ്രയിൽ നിന്ന് എന്തോ ആട്ടഹാസം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ഞാൻ കണ്ണുതുറന്ന് കറങ്ങുന്ന സീലിംഗ് ഫാനിൽ നോക്കി ചെവികൂർപ്പിച്ചു. ചുമ്മാ തോന്നിയതാവാം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. പെട്ടെന്ന് ബെഡ്റൂമിലെ ഭിത്തി തുളച്ച് വീണ്ടും “ഹാ ഹാ ഹാ” എന്നൊരു സ്ത്രീയുടെ ചിരി! തോന്നലല്ല, അട്ടഹാസം ഞാൻ ശരിക്കും കേട്ടതാണ്! ഈ തിരിച്ചറിവ് എന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. കാലുകളിൽ നിന്ന് ഒരുതരം പെരുപെരുപ്പ് മുകളിലേക്ക് അരിച്ചരിച്ചു കയറാൻ തുടങ്ങി. ഞാൻ തല ചെരിച്ച് ക്ലോക്കിൽ നോക്കി. വെളുപ്പിന് നാലു മണി.

തല മറു സൈഡിലേക്ക് ചെരിച്ച് ജനലിലൂടെ നോക്കി. പുറത്തെ കൂറ്റാകൂരിരുട്ട് പെട്ടെന്ന് എന്റെ മനസ്സിലേക്കും നുഴഞ്ഞുകയറി. ഹൊറർ സിനിമ കണ്ടു കിടന്നതിന്റെ തോന്നലായിരിക്കുമെന്ന് വെട്ടമുള്ള മനസ്സിന്റെ ഭാഗം മന്ത്രിച്ചു — മലവെള്ളപ്പാച്ചിലിൽ മുങ്ങിത്താഴുന്നവന് കിട്ടുന്ന കച്ചിത്തുരുമ്പ് പോലെ. പെട്ടെന്ന് വളരെ വ്യക്തമായി അട്ടഹാസച്ചിരി വീണ്ടും! ഇരുൾ മനസ്സിനെ കീഴടക്കി. പെരുപെരുപ്പ് ശരീരം ആസകലം വ്യാപിച്ചു. ഞാൻ വല്ലാതെ വിയർത്തു. ഫാനിൽ നിന്ന് രക്തത്തുള്ളികൾ ഇറ്റുവീഴാൻ തുടങ്ങിയതായി എനിക്ക് തോന്നി, ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും പേശികൾ മരവിച്ചു കഴിഞ്ഞിരുന്നു.

പൊടുന്നനെ ഒരു അലർച്ചയും അതിനു പുറകെ ഒന്നിലധികം അട്ടഹാസ ചിരികളും! ഒന്നിൽ കൂടുതൽ യക്ഷികൾ ഭിത്തിയിൽ നിന്ന് ഇറങ്ങിവരുന്നുണ്ടെന്ന് എനിക്ക് തോന്നി. നീലി, രക്തരക്ഷസ്സ്, ബ്രഹ്മരക്ഷസ്സ്, വടയക്ഷി, പനയക്ഷി തുടങ്ങിയ എല്ലാ യക്ഷികളുടെയും വാസസ്ഥലമായിരുന്നോ ഈ പുതിയ വീട്? ഞാൻ അവസാന ശ്രമം എന്ന നിലയിൽ ഗുരുവായൂരപ്പനെ വിളിച്ച്, അവശേഷിച്ച സകല ശക്തിയും ഉപയോഗിച്ച് കട്ടിലിൽ നിന്നെഴുന്നേറ്റ് പൂജാറൂമിലേക്ക് ഓടി. അവിടെത്തന്നെ ഇരുന്ന് നേരം വെളുപ്പിച്ചു.

രാവിലെ ആദ്യത്തെ വെട്ടം വീണയുടൻ അയൽവാസിയായ വീണയെ ഞാൻ ഫോണിൽ വിളിച്ചു. എനിക്ക് സുഖമില്ലെന്നും ഒന്ന് വീടുവരെ വരണമെന്നും പറഞ്ഞു. വീണ ടെൻഷൻ അടിച്ച് ഓടി വീട്ടിൽ വന്നു. ഞാൻ വീണയോട് രാത്രിയിലെ സ്ത്രീകളുടെ ചിരിയെക്കുറിച്ചും പുതിയ വീട്ടിലെ പ്രേതബാധയെക്കുറിച്ചും പറഞ്ഞു. പാതി ചിരിയോടെയും പാതി ജിജ്ഞാസയോടെയും വീണ ചിരി കേട്ട സമയം ചോദിച്ചു. “രാവിലെ നാലുമണി” എന്ന് പറഞ്ഞതും വീണ പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു!

വീണ പറഞ്ഞതു കേട്ട് ഞാൻ ശരിക്കും ലജ്ജിച്ചുപോയി. ഒറ്റയ്ക്ക് ഹൊറർ സിനിമ കാണാൻ ഇനി ഇരിക്കില്ലെന്ന് മനസ്സിൽ ശപഥം ചെയ്തു. എന്നെ നടുക്കിയ സംഭവത്തിന്റെ പിന്നിലെ സത്യം വളരെ ലളിതമായിരുന്നു. രാവിലെ നാലുമണിക്കാണ് കോളനിയിലെ അമ്മച്ചിമാരുടെ യോഗ ക്ലാസ് തുടങ്ങുന്നത്. അതിലെ ഒരു പരിപാടിയാണ് ലാഫിംഗ് യോഗ. അരമണിക്കൂർ “ഹാഹാഹാ” എന്ന് ചുമ്മാ ചിരിക്കുക!

അമ്മച്ചിമാരുടെ ചിരി കേട്ട് പേടിച്ചോടി ചമ്മിയ കാര്യം ആരോടും പറയരുതെന്ന് ഞാൻ വീണയെ ശട്ടം കെട്ടി. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ സംഭവിക്കാറുള്ളതുപോലെ, തിരിച്ചു വരുന്ന വഴി തന്നെ കെട്ടിയവനും കുട്ടിക്കും ന്യൂസ് എത്തിയിട്ടുണ്ടായിരുന്നു!



Comments

Post a Comment


Search This Blog


Top posts from past

  • Save The Date 2 - Lal Production - നാടകം: സുമിത്രയുടെ കല്യാണംകഥാപാത്രങ്ങൾ:അർജ്ജുൻ: സുമിത്രയുടെ മകൻ.മീര: അർജ്ജുന്റെ പ്രതിശ്രുത വധു.കുട്ടൻ: അർജ്ജുന്റെ ആത്മാസുഹൃത്ത്.സുമിത്ര: അർജ്ജുന്റെ അമ്മ.കെ...

test

The Archive

Browse by label ശേഖരം