← All posts

Nizam's ആവേശം! - Gerald

January 28, 2026


OP ഏകദേശം കഴിയാറായപ്പോഴാണ് മാമൻ വിളിച്ചത്. അത്യാവശ്യമായി വീട്ടിലേക്ക് ചെല്ലണമത്രേ. കായംകുളം NTPC-യിലെ ചെറുകിട OP-യും മാമന്റെ ഇടയ്ക്കിടെയുള്ള 'അത്യാവശ്യ' വിളികളും നിസാം അലിയെ അത്ര കാര്യമായി അലട്ടാറില്ല. കൃത്യനിഷ്ഠയുടെ കാര്യത്തിൽ കണിശക്കാരനായ നിസാമിന്, 'പെട്ടെന്ന്' എന്ന് പറഞ്ഞാൽ അത് എത്രയും വേഗമാകണമെന്ന് നന്നായി അറിയാമായിരുന്നു. എങ്കിലും ഒപി തീർത്ത്, ഒരു ചായയും കുടിച്ച് ഇറങ്ങിയപ്പോഴേക്കും രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നു.

കാറിൽ കയറിയപ്പോഴേക്കും മാമൻ രണ്ടാമതും വിളിച്ചു. മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള ആദ്യത്തെ വളവിലെത്തി എന്ന് പറഞ്ഞ് മാമനെ സമാധാനിപ്പിച്ചു. പിന്നെ NTPC-യുടെ മുന്നിൽ നിന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് ഒറ്റ കുതിപ്പാണ്! വേഗതയുടെ കാര്യത്തിലും നിസാം കണിശക്കാരനാണ്. രണ്ട് വളവ് പിന്നിട്ടതേയുള്ളൂ, അതാ നേരെ മുന്നിൽ പോലീസ് ജീപ്പ്! അവർ കൈകാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.

നിസാം വണ്ടി ഒതുക്കി. ഒരു അത്യാവശ്യത്തിന് പോകുമ്പോൾ ഇതുപോലുള്ള മാരണങ്ങൾ വട്ടം വരുന്നതിനെ 'മർഫീസ് പാരഡോക്സ്' എന്നാണ് പറയുന്നത്. സാധാരണക്കാർക്ക് മർഫി ഒരു കീറാമുട്ടിയാണെങ്കിൽ നിസാമിന് അതൊരു ഹരമാണ്.

പോലീസ് ഉദ്യോഗസ്ഥൻ അടുത്തുവന്നു. “ഓവർ സ്പീഡാണ്, ഫൈൻ അടയ്ക്കണം.”

ഓവർ സ്പീഡോ? നിസാം അത്ഭുതപ്പെട്ടു. രണ്ട് ദിവസം മുൻപ് എറണാകുളത്ത് പോകുന്ന വഴി NH-ലെ സ്പീഡ് ക്യാമറയിൽ പെട്ട് 400 രൂപ ഫൈൻ അടച്ചതേയുള്ളൂ. അതിന്റെ നാലിലൊന്ന് വേഗത പോലും ഇപ്പോൾ എടുത്തിട്ടില്ല. എന്തായാലും ചോദിച്ചിട്ട് തന്നെ കാര്യം. മാസാവസാനമാകുമ്പോൾ കണ്ടവരെയൊക്കെ പിടിച്ച് പിഴയടപ്പിക്കുന്നത് പോലീസുകാരുടെ പതിവാണെന്ന് നിസാം ഓർത്തു.

ഡ്രൈവർ സൈഡിലെ ഗ്ലാസ് മുഴുവൻ താഴ്ത്തി സ്പീഡോമീറ്റർ ചൂണ്ടിക്കാട്ടി നിസാം ചോദിച്ചു: “70-ന് മുകളിൽ ഈ വണ്ടി ഓടിയിട്ടില്ല, പിന്നെങ്ങനെ ഓവർ സ്പീഡാകും?”

പോലീസുകാരൻ നിസാമിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. “60 കിലോമീറ്ററാണ് ഈ റോഡിലെ സ്പീഡ് ലിമിറ്റ്. ഓരോ റോഡിനും ഓരോ ലിമിറ്റുണ്ട്, സാറിന് ഇതൊന്നും അറിയില്ലേ? റഡാറിൽ പതിഞ്ഞിട്ടുണ്ട്, സാറിന് വേണമെങ്കിൽ പരിശോധിക്കാം.”

സ്പീഡ് ലിമിറ്റിലെ വ്യത്യാസം മനസ്സിലായ നിസാം ചെറുതായൊന്നു ചൂളി. എങ്കിലും ഗൗരവം വിടാതെ പറഞ്ഞു: “പതിഞ്ഞത് എനിക്ക് കാണണം.” പിന്നെ ഡോർ തുറന്ന് ജീപ്പിനടുത്തേക്ക് ചെന്നു. ജീപ്പിലിരുന്ന SI-യെ നോക്കി കോൺസ്റ്റബിൾ പറഞ്ഞു: “ഈ സാറിന് പതിഞ്ഞത് കാണണമെന്ന്!” അയാളുടെ പറച്ചിലിൽ ചെറിയൊരു പുച്ഛം നിസാം തിരിച്ചറിഞ്ഞു.

SI ഡേറ്റ കാണിച്ചുകൊടുത്തു. സംഭവം നേരാണ്; കാറും നമ്പർ പ്ലേറ്റും സ്പീഡുമെല്ലാം കൃത്യമായി പതിഞ്ഞിട്ടുണ്ട്. 72 km/h.

ഇനിയിപ്പോൾ 400 രൂപ കൊടുക്കാതെ വയ്യ. കയ്യിൽ ആകെ 500 രൂപയാണുള്ളത്. അത് കൊടുത്താൽ ബാക്കി 100 രൂപ. നിസാം മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി നിൽക്കുമ്പോഴാണ് SI ചോദിച്ചത്: “എങ്ങോട്ടാണ് ഇത്ര സ്പീഡിൽ പോകുന്നത്?”

ആ ചോദ്യം കേട്ടതും നിസാം പെട്ടെന്ന് മറ്റൊരു കാൽക്കുലേഷൻ നടത്തി പറഞ്ഞു: “ഞാൻ NTPC-യിലെ ഡോക്ടറാണ്. അത്യാവശ്യമായി ഒരു ഫോൺ കോൾ വന്നപ്പോൾ ധൃതിയിൽ ഇറങ്ങിയതാണ്. ആ ടെൻഷനിൽ സ്പീഡ് ശ്രദ്ധിച്ചില്ല.”

നിസാം പ്രതീക്ഷിച്ചതുപോലെ ‘NTPC ഡോക്ടർ’, ‘അത്യാവശ്യം’ തുടങ്ങിയ കീ വേർഡുകൾ കേട്ടതും പോലീസുകാരുടെ ഭാവം മാറി. “സാർ ഡോക്ടറാണോ? എങ്കിൽ പിന്നെ കുഴപ്പമില്ല സാർ, പൊയ്ക്കോളൂ. അത്യാവശ്യമുള്ളതല്ലേ...” SI പറഞ്ഞു.

നേരത്തെ പുച്ഛിച്ച കോൺസ്റ്റബിൾ ഇപ്പോൾ ബഹുമാനത്തോടെ നിൽക്കുന്നത് നിസാം ശ്രദ്ധിച്ചു. പക്ഷേ, അവരെ അങ്ങനെ വെറുതെ വിടാൻ നിസാം ഒരുക്കമായിരുന്നില്ല. “വേണ്ട, ഫൈൻ എഴുതിക്കോളൂ. ഞാൻ അടച്ചോളാം,” ഗൗരവഭാവത്തിൽ നിസാം പറഞ്ഞു.

അപ്രതീക്ഷിതമായ മറുപടി കേട്ട് പോലീസുകാർ ഒന്ന് അമ്പരന്നു. അവരുടെ ആ പകപ്പ് കണ്ട് നിസാം ഉള്ളാലെ സന്തോഷിച്ചു. SI ദയനീയമായി ലാപ്ടോപ്പിലേക്ക് ചൂണ്ടി പറഞ്ഞു: “സാർ, ഫൈൻ രജിസ്റ്റർ ചെയ്താൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാം ഓൺലൈൻ ആണ്. സാർ പൊയ്ക്കോളൂ.”

സാധാരണക്കാരായിരുന്നെങ്കിൽ സംഭവം അവിടെ തീരേണ്ടതായിരുന്നു. പക്ഷേ, ഇതുകൂടി കേട്ടപ്പോൾ ഒരു സംഭവം തന്നെയായ നിസാമിലെ 'നീതിമാൻ' ഉണർന്നു. അവനു വാശിയായി. അവരെക്കൊണ്ട് ഫൈൻ അടിപ്പിച്ചിട്ടേ പോകൂ എന്നുറപ്പിച്ചു.

“നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ദയവുചെയ്ത് ഫൈൻ രജിസ്റ്റർ ചെയ്യൂ. എന്റെ തെറ്റിന് ഞാൻ ഫൈൻ അടയ്ക്കും. എന്നെ തടയരുത്!” ഫൈൻ അടപ്പിച്ചില്ലെങ്കിൽ പോലീസുകാർക്കെതിരെ കേസെടുക്കും എന്ന നിലയിൽ നിസാം രോഷം പൂണ്ടു.

ഗത്യന്തരമില്ലാതെ SI ലാപ്ടോപ്പിലേക്ക് തിരിഞ്ഞ് എന്തൊക്കെയോ ടൈപ്പ് ചെയ്തു. അതിനിടയിൽ പറഞ്ഞു: “സാർ, 1000 രൂപ അടച്ചേക്കൂ.”

"ആയിരം" എന്ന് കേട്ടതും ചെവിക്കല്ലിൽ അടി കിട്ടിയതുപോലായ നിസാം അറിയാതെ ചോദിച്ചു: “അതെങ്ങനെ ശരിയാവും? രണ്ട് ദിവസം മുൻപ് ഓവർ സ്പീഡിന് 400 രൂപയാണല്ലോ ഞാൻ അടച്ചത്. പിന്നെന്താ ഇപ്പോൾ 1000?”

നിസാമിന്റെ സംശയം SI-യെ ചൊടിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്ന ബഹുമാനം മാറി പുച്ഛത്തോടെ അയാൾ പറഞ്ഞു: “സാർ സ്ഥിരം അടയ്ക്കുന്ന പെറ്റി ഫൈൻ ഓവർ സ്പീഡിനായിരിക്കും. പക്ഷേ ഈ റോഡിൽ ഇതിന്റെ IPC Section വേറെയാണ്; Negligent and Rash Driving. അതിന് 1000 രൂപ തന്നെ അടയ്ക്കണം.”

സകല കണക്കുകൂട്ടലുകളും പിഴച്ച നിസാം നിന്നു വിയർത്തു. കയ്യിൽ പണമില്ലെന്ന് പറയുന്നതാണോ അതോ 1000 രൂപ അടയ്ക്കാൻ സൗകര്യമില്ലെന്ന് പറയുന്നതാണോ ഉചിതമെന്നാലോചിച്ച് തല പുകച്ചു. ഒടുവിൽ "പതിനെട്ടാം അടവ്" എന്ന നിലയിൽ ചോദിച്ചു: “അപ്പോൾ 1000 രൂപ അടയ്ക്കണം, അല്ലേ? നിങ്ങൾക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ലേ?”

SI തലകുലുക്കി: “ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സാറേ, രജിസ്റ്റർ ചെയ്താൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന്. ഇനിയിപ്പോൾ ഇത് അടച്ചേ പറ്റൂ.”

ഉള്ളിൽ പതറിയെങ്കിലും പുറത്ത് ഗൗരവം വിടാതെ നിസാം ചോദിച്ചു: “അടച്ചില്ലെങ്കിലോ?”

“അടച്ചില്ലെങ്കിൽ സാർ ഞങ്ങളുടെ കൂടെ സ്റ്റേഷനിൽ വരേണ്ടി വരും,” SI കനത്ത സ്വരത്തിൽ മറുപടി നൽകി.

“എന്നാൽ വണ്ടിയെടുക്ക്, സ്റ്റേഷനിലേക്ക് പോകാം!” നിസാമും അതേ സ്വരത്തിൽ മറുപടി നൽകി.

അങ്ങനെ അത്യാവശ്യമായി വീട്ടിലേക്ക് വിളിച്ച മാമൻ തന്നെ ഒടുവിൽ സ്റ്റേഷനിൽ വന്ന് 1000 രൂപയടച്ച് നിസാമിനെ കൊണ്ടുപോകേണ്ടി വന്നു. ആ ഒരു മണിക്കൂർ സമയം നിസാം പോലീസുകാർക്ക് BLS ക്ലാസ് എടുത്തു. നിസാം പോയപ്പോൾ SI കോൺസ്റ്റബിളിനോടായി പറഞ്ഞു: “ഹൊ! നമ്മൾ രക്ഷപ്പെട്ടു!”


Comments

Post a Comment


Search This Blog


Top posts from past

  • Save The Date 2 - Lal Production - നാടകം: സുമിത്രയുടെ കല്യാണംകഥാപാത്രങ്ങൾ:അർജ്ജുൻ: സുമിത്രയുടെ മകൻ.മീര: അർജ്ജുന്റെ പ്രതിശ്രുത വധു.കുട്ടൻ: അർജ്ജുന്റെ ആത്മാസുഹൃത്ത്.സുമിത്ര: അർജ്ജുന്റെ അമ്മ.കെ...

test

The Archive

Browse by label ശേഖരം