← All posts

നിഷ്ക്കു - Reloaded: Prasy

January 27, 2026


തുടർച്ചയായി മലയാളം ടെസ്റ്റ് പേപ്പറിന് ഒരക്കത്തിൽ മാർക്ക് വാങ്ങിയ നിഷ്ക്കുവിനെ മലയാളം പഠിപ്പിക്കാൻ ഞാൻ ലീവ് എടുത്തു. മദർ തെരേസയെ കുറിച്ചുള്ള പാഠമാണ്. ചാപ്റ്ററിന്റെ പേര് "സഹനത്തിന്റെ വെൺപിറാവ്". പാഠമാകെ വായിച്ചു കൊടുത്ത് നോട്ട് ബുക്കിലെ ചോദ്യോത്തരങ്ങളിലേക്ക് കടന്നു.

ആദ്യ ചോദ്യം: "മദർ തെരേസയെ ഉയരങ്ങളിലേക്ക് എത്തിച്ചത് എന്താണ്?" ഉത്തരം: "എല്ലാം സഹിക്കാനും പൊറുക്കാനുമുള്ള മനസ്സാണ് മദർ തെരേസയെ ഉയരങ്ങളിലേക്ക് എത്തിച്ചത്."

ഞാൻ ചോദ്യവും ഉത്തരവും പലവട്ടം വായിച്ചു. നിഷ്ക്കു പഠിക്കുന്നു എന്ന ഭാവത്തിൽ ഞാൻ പറയുന്നത് റിപ്പീറ്റ് ചെയ്ത് കാറുകൾ കൊണ്ട് കളിക്കുന്നു. ബ്രേക്ക് എടുത്ത ശേഷം ഞാൻ വീണ്ടും നിഷ്ക്കുവിനോട് ചോദ്യം ചോദിച്ചു: "മദർ തെരേസയെ ഉയരങ്ങളിലേക്ക് എത്തിച്ചത് എന്താണ്?" നിഷ്ക്കുവിന്റെ ഉത്തരം: "Hot Air Balloon". ഉത്തരം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി!

****

ഒരിക്കൽ നിഷ്ക്കുവിന്റെ ഏതോ കൂട്ടുകാരൻ അവനോട് ഉപദേശിച്ചു—ഫിലിം സ്റ്റാർസിനാണ് ഏറ്റവും കൂടുതൽ പുത്തൻ കാറുകൾ ഉള്ളതെന്ന്. മാത്രമല്ല, അവർക്ക് ജോലി ഒന്നും ചെയ്യണ്ട, വെറുതെയിരുന്ന് “പരസ്യം” ചെയ്താൽ മതി പണം കിട്ടും. അതോടെ നിഷ്ക്കു തന്റെ ഭാവി പ്ലാൻ “സിനിമാനടൻ” എന്നാക്കി. ഇതിന്റെ ആദ്യപടി എന്നോണം അവൻ പേര് മാറ്റാൻ തീരുമാനിച്ചു. സ്വന്തം ഭാവനയിൽ നിന്ന് നിഷ്ക്കു ഒരു പേര് കണ്ടെത്തി: 'Balesh Lal'. സ്വന്തം പേരായ 'Vihaan Anel John'-ന് ഒരു പഞ്ച് ഇല്ലെന്നും അതിനാൽ ഇനി മുതൽ എല്ലാവരും തന്നെ 'Balesh Lal' എന്ന് മാത്രമേ വിളിക്കാവൂ എന്നും അവൻ ശാഠ്യം പിടിച്ചു. കണ്ണാടിയുടെ മുന്നിലെ അഭിനയം, ആക്ഷൻ ഹീറോ സ്റ്റൈൽ ഡയലോഗുകൾ ഇതെല്ലാം വീട്ടിലെ സ്ഥിരം കലാപരിപാടിയായി. സൺഗ്ലാസ് വീടിനകത്തും പുറത്തും സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങി. എന്റെ പല കോസ്മെറ്റിക് ക്രീമുകളുടെയും അളവ് പെട്ടെന്ന് കുറയാൻ തുടങ്ങി.

രണ്ടു മാസത്തെ 'Balesh Lal' പ്രകടനങ്ങൾ കഴിഞ്ഞപ്പോൾ നിഷ്ക്കുവിന് സിനിമാനടൻ മടുത്തു. പതിയെ വീണ്ടും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. കാർ ഡിസൈനർ ആകാനുള്ള തന്റെ പഴയ ആഗ്രഹം വീണ്ടും പൊടിതട്ടിയെടുത്തു.

****

നിഷ്ക്കുവിന്റെ സ്കൂളിൽ ഈ അടുത്തകാലത്തായി ഒരു പുതിയ പരിപാടി തുടങ്ങി: “കഫറ്റീരിയ ടാഗ്”. ടോൾ ഗേറ്റിൽ “ഫാസ്ടാഗ്” പോലെയാണ് ഇതിന്റെ പ്രവർത്തനം. ഭക്ഷണം കിട്ടാൻ ചാർജ് ചെയ്ത ഫുഡ് കൂപ്പൺ കഫറ്റീരിയയിൽ സ്കാൻ ചെയ്താൽ മതി. കൂടെക്കൂടെ റീചാർജ് ചെയ്യാനുള്ള മടി കാരണം എന്റെ ഹസ്ബൻഡ് നിഷ്ക്കുവിന് 5000 രൂപയ്ക്ക് കാർഡ് റീചാർജ് ചെയ്തു കൊടുത്തു.

ഒരു ദിവസം നിഷ്ക്കു വലിയ അഭിമാനത്തോടെ എന്നോട് പറഞ്ഞു: "അമ്മേ, ഇന്ന് ഞാൻ കുറെ ഫ്രണ്ട്സിന് സ്നാക്സ് മേടിച്ചു കൊടുത്തു. പിന്നെയും പിന്നെയും കഫറ്റീരിയയിൽ സ്കാൻ ചെയ്യാൻ ചെന്ന എന്നെ കണ്ട് കഫറ്റീരിയ ചേട്ടൻ ഞെട്ടിപ്പോയി!".

നിഷ്ക്കു തന്റെ എല്ലാ രഹസ്യങ്ങളും എന്നോടാണ് പറയാറുള്ളത്. ഇതിൽ ചില രഹസ്യങ്ങളൊക്കെ ഫിൽട്ടർ ചെയ്ത് ഞാൻ എന്റെ ഹസ്ബൻഡിനെ അറിയിച്ച് നിഷ്ക്കുവിനെ ചതിക്കാറുണ്ട്. ചതിക്കപ്പെട്ടു എന്ന് മനസ്സിലായാലും നിഷ്കളങ്കനായ നിഷ്ക്കു പിന്നെയും തന്റെ രഹസ്യങ്ങൾ വഞ്ചകിയായ എന്നോട് തന്നെ തുറന്നു പറയാറുണ്ട്.

അങ്ങനെ കൂട്ടുകാർക്ക് സ്നാക്സ് വാങ്ങി കൊടുത്ത കാര്യം ഞാൻ ഹസ്ബൻഡിന്റെ ചെവിയിൽ എത്തിച്ചു. കാർഡിലെ ബാലൻസ് നോക്കിയ അദ്ദേഹം ഞെട്ടിപ്പോയി. നിഷ്ക്കു 1600 രൂപയ്ക്ക് ഒരു ദിവസം സ്നാക്സ് മേടിച്ചിരിക്കുന്നു! കുറ്റവിചാരണയ്ക്കായി നിഷ്ക്കുവിനെ അദ്ദേഹം വിളിപ്പിച്ചു.

"നീ ആരാ അംബാനിയുടെ മോനാണോ 1600 രൂപയ്ക്ക് സ്നാക്സ് മേടിച്ചു കൂട്ടുകാർക്ക് കൊടുക്കാൻ? ആ സ്കൂളിലെ ഏറ്റവും പാവപ്പെട്ടവൻ നീയാണെന്ന ബോധം നിനക്കുണ്ടോ?"

ചോദ്യങ്ങളൊക്കെ കേട്ട് തലകുനിച്ചു നിന്ന നിഷ്ക്കുവിനെ ഞാൻ ഒളിക്കണ്ണിട്ടു നോക്കി. പെട്ടെന്നായിരുന്നു നിഷ്ക്കുവിന്റെ മറുപടി: "അപ്പാ, അമ്മയാണ് കുറ്റക്കാരി. അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ആരെങ്കിലും ഭക്ഷണം ചോദിച്ചു വന്നാൽ കൊടുക്കണം ഇല്ലെങ്കിൽ ദൈവം നമ്മളെ ശിക്ഷിക്കുമെന്ന്. നമുക്ക് ഭക്ഷണം കഴിക്കാൻ ഇല്ലെങ്കിലും മറ്റുള്ളവർക്ക് കൊടുക്കണം. അതുകൊണ്ടാണ് ഫ്രണ്ട്സ് സ്നാക്സ് ചോദിച്ചപ്പോൾ ഞാൻ മേടിച്ചു കൊടുത്തത്."

ആത്മാർത്ഥവും നിഷ്കളങ്കവുമായ മറുപടി കേട്ട് അനുകമ്പ തോന്നിയ ഹസ്ബൻഡ് അവനെ വെറുതെ വിടുകയും, ഇനി മുതൽ ഫുഡ് കൂപ്പൺ ഞാൻ തന്നെ റീചാർജ് ചെയ്താൽ മതിയെന്ന് എന്നോട് ആജ്ഞാപിക്കുകയും ചെയ്തു.


(തുടരും)

Comments

Post a Comment


Search This Blog


Top posts from past

  • Save The Date 2 - Lal Production - നാടകം: സുമിത്രയുടെ കല്യാണംകഥാപാത്രങ്ങൾ:അർജ്ജുൻ: സുമിത്രയുടെ മകൻ.മീര: അർജ്ജുന്റെ പ്രതിശ്രുത വധു.കുട്ടൻ: അർജ്ജുന്റെ ആത്മാസുഹൃത്ത്.സുമിത്ര: അർജ്ജുന്റെ അമ്മ.കെ...

test

The Archive

Browse by label ശേഖരം