Save The Date - Lal Productions

 




ആമുഖം: കഷ്ടി ഇരുപത് മിനിറ്റുള്ള ഒരു കോമഡി നാടകരൂപമാണ് ലാലിന്റെ മനസ്സിലുള്ളത്. ഒരു ജെൻ-സീ (Gen-Z) സ്വയംവരം മോഡൽ. നാടകമായോ കോമഡിയായോ തോന്നിയില്ല എന്ന പരാതികൾ സ്വീകരിക്കുന്നതല്ല. സൗകര്യമുണ്ടെങ്കിൽ വായിച്ചാൽ മതി.

കഥാപാത്രങ്ങൾ:

 * ലിസ്റ്റിൻ രാജ്: ഹോസ്പിറ്റൽ ഉടമ.

 * ലിസി റാണി: ലിസ്റ്റിന്റെ ഭാര്യ.

 * തരുണി: ഇവരുടെ മകൾ (Surgeon).

 * സിസ്റ്റർ സുമതി: ICU നഴ്സ്.

 * ഡോക്ടർമാർ: Cardiologist, Neuro (ശൃംഗാരവീരൻ), Ortho.

 * ജാഡ തെണ്ടി (J.T): സ്യൂട്ടിട്ട അഹങ്കാരിയായ ഡോക്ടർ.

 * നിപുണൻ: J.T-യുടെ അസിസ്റ്റന്റ് (ഫ്രീക്കൻ ലുക്ക്).

 * അറ്റൻഡർമാർ.

രംഗം 1

(സ്ഥലം: ലിസ്റ്റിൻസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഓഫീസ് മുറി. ലിസ്റ്റിൻ നടുക്കിരിക്കുന്ന പ്രധാന മേശയുടെ കസേരയിൽ ഇരിക്കുന്നു. Laptop-ൽ കുത്തിക്കളിക്കുന്നതിനൊപ്പം ഗൗരവത്തിൽ ഫോണിൽ ആരോടോ സംസാരിക്കുന്നു. കാര്യമായ എന്തോ ബിസിനസ് ചർച്ച എന്ന പ്രതീതി. ലിസ്റ്റിൻ ധരിച്ചിരിക്കുന്ന സ്യൂട്ടിൽ 'Dr. Listin Raj' എന്ന് ഇംഗ്ലീഷിൽ പലയാവർത്തി വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ജാഡയെ ഉൽഭവിപ്പിക്കുന്ന ആംഗ്യചേഷ്ടകൾ.)

(മുറിയിൽ തന്നെ സൈഡിൽ നീളനെയുള്ള ഒരു സോഫാ. അതിൽ ലിസി റാണി ഇരുന്ന് മൊബൈൽ കുത്തിക്കളിക്കുന്നു. Reels കണ്ട് ചിരിക്കുന്നു, സെൽഫി എടുക്കുന്നു. തനിയൊരു സെൽഫിസ്റ്റ് മോഡേൺ കൊച്ചമ്മ. Tattoo, കുത്തഴിഞ്ഞ സാരി, High heels എന്നിവയാണ് വേഷം.)

(ഫോൺ സംഭാഷണം കഴിഞ്ഞ ലിസ്റ്റിൻ Laptop-ൽ എന്തോ ചെയ്യുന്നു. എന്തോ ചിന്തിച്ച് ആൾ അല്പം Agitated ആണ്. പെട്ടെന്ന് എന്തിനോ തലയുയർത്തിയ ലിസ്റ്റിൻ സോഫയിൽ സ്ഥലകാലബോധമില്ലാതിരിക്കുന്ന ലിസിയെ കാണുന്നു. പല്ലിറുമുന്നു പിറുപിറുക്കുന്നു.)

ലിസ്റ്റിൻ: “ഇവൾക്ക് വേറൊന്നിനും നേരമില്ലേ?” (അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് സോഫയിൽ ലിസിയുടെ അടുത്തിരിക്കുന്നു. ലിസിയുടെ ശ്രദ്ധ മൊബൈലിൽ തന്നെ.)

ലിസ്റ്റിൻ: (അനുനയത്തോടെ) “റാണീ, നമ്മുടെ Hospital-ന്റെ Share ഇടിയുകയാണ്.”

(റാണി മൊബൈലിൽ തന്നെ.)

ലിസ്റ്റിൻ: (ആത്മഗതമെന്നോണം നിലത്ത് നോക്കി) “നമുക്ക് തരുണിയുടെ കല്യാണം എത്രയും വേഗം നടത്തണം.” (തിരിച്ച് ലിസിയെ നോക്കി): “Business താല്പര്യമുള്ള മിടുക്കൻ Doctor ഒരുത്തനെ കണ്ടുപിടിച്ചാൽ നമ്മുടെ ഹോസ്പിറ്റലിന്റെ ഭാവിയും മെച്ചപ്പെടുത്താം. ഒരു വെടിക്ക് രണ്ട് പക്ഷി! എന്തു പറയുന്നു?”

(ലിസി പ്രതികരിക്കാതെ വരുമ്പോൾ ലിസ്റ്റിൻ ലിസിയുടെ തോളിൽ പിടിച്ച് കുലുക്കുന്നു. അല്പം ഉച്ചത്തിൽ)

ലിസ്റ്റിൻ: “റാണീ! തരുണിയുടെ കല്യാണത്തെക്കുറിച്ച് എന്ത് പറയുന്നു?”

(പെട്ടെന്ന് തരുണി കടന്നുവരുന്നു. ആരെയും കൂസാത്ത Gen-Z സ്റ്റൈൽ. Theatre dress, പലവർണ്ണ Bob cut അലങ്കോല മുടി. Crocs ചെരുപ്പ്. പാന്റിന്റെ പോക്കറ്റിൽ നിന്നും രക്തം പുരണ്ട glouse പകുതി പുറത്തേക്ക് കിടക്കുന്നു. സോഫയുടെ മറുഭാഗത്തിലൂടെ കടന്നുവരുന്നു. എന്നിട്ട് അലറുന്നു:)

തരുണി: “എനിക്ക് കല്യാണം വേണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ?”

(തന്തയും തള്ളയും ഞെട്ടി തരുണിയെ നോക്കുന്നു. തരുണി നേരേ അപ്പന്റെ കസേരയിൽ പോയിരുന്ന് മേശയിലേക്ക് രണ്ടു കാലും കയറ്റിവക്കുന്നു. വായിൽ ചവച്ചോണ്ടിരുന്ന Bubblegum മേശയിലിരുന്ന ഒരു ഫയലിലെ പേപ്പറിലേക്ക് തുപ്പി ചുരുട്ടിക്കൂട്ടി സൈഡിലിരിക്കുന്ന വേസ്റ്റ് ബാസ്കറ്റിലേക്ക് എറിയുന്നു. കാലാട്ടി ചാരിയിരിക്കുന്ന അവളുടെ അടുത്തേക്ക് തന്തയും തള്ളയും പേടിച്ച് നടന്നു വരുന്നു.)

ലിസ്റ്റിൻ: “മോളേ...”

(തന്തയുടെ സെന്റൻസ് കട്ട് ചെയ്യുന്ന രീതിയിൽ തരുണി പെട്ടെന്ന് കൈനീട്ടി ചൂണ്ടുവിരൽ പൊക്കുന്നു. 'No!' എന്ന യൂണിവേഴ്സൽ സൈൻ ലാംഗ്വേജ്. തന്തയും തള്ളയും പരസ്പരം വിഷണ്ണരായി നോക്കുന്നു.)

തരുണി: (കസേര ചാരിയാട്ടിക്കൊണ്ട്) “Post-op ICU-വിൽ ഞാൻ രണ്ടു ദിവസം മുൻപ് ചെയ്ത ഒരു കേസ് കിടപ്പുണ്ട്, Bed No. 3. അവരുടെ പ്രശ്നം എന്താണെന്ന് Diagnosis ചെയ്യുന്നത് ആരായാലും—അത് ആണായാലും പെണ്ണായാലും—ഞാൻ കെട്ടാം. എന്താ പോരേ?”

(തന്തയും തള്ളയും വീണ്ടും പരസ്പരം നോക്കുന്നു. ഇത്തവണ ആശ്വാസമാണ് മുഖത്ത്.)

ലിസി: (മോളെ നോക്കി സന്തോഷത്തോടെ) “മതി, അതു മതി.”

(ഇതിനിടയിൽ തന്ത മേശയിലിരുന്ന ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്യുന്നു.)

ലിസ്റ്റിൻ: “ഹലോ! സിസ്റ്റർ സുമതി, Post-op ICU-വിലെ മൂന്നാം ബെഡിലെ രോഗിക്ക് എല്ലാ Speciality-ക്കും Consultation കൊടുക്കണം.” (ഒന്ന് നിർത്തുന്നു മറുപടി ശ്രദ്ധിക്കുന്നതുപോലെ എന്നിട്ട് ദേഷ്യത്തിൽ) “എല്ലാവർക്കും വേണമെന്ന് പറഞ്ഞില്ലേ! ശരി.” (ഫോൺ കട്ട് ചെയ്യുന്നു. മകളുടെ നേരേ വലിയ ആശ്വാസത്തോടെ നോക്കുന്നു.)

തരുണി: (തരിപോലും കൂസലില്ലാതെ) “ആ... പിന്നെ... രണ്ടു ദിവസത്തിനുള്ളിൽ റിസൾട്ട് കിട്ടണം. മറ്റന്നാൾ എനിക്ക് പേഷ്യന്റിനെ Discharge ചെയ്യാനുള്ളതാണ്. അതിനുള്ളിൽ നടന്നാൽ നടന്നു, ഇല്ലെങ്കിൽ മറന്നേക്കണം.”


രംഗം 2


(സ്ഥലം: Post-op ICU - Bed No. 3. നടുവിലെ കട്ടിലിൽ വെന്റിലേറ്ററിലുള്ള പേഷ്യന്റ് Gasping ആണ്. സിസ്റ്റർ സുമതി ഒരു ഫയലും പേനയും നോട്ട്പാഡുമായി നിൽക്കുന്നു. മറുഭാഗത്ത് നിന്ന് ഒരു ഡോക്ടർ കയറിവരുന്നു. കണ്ടാലേ ഒരു കലിപ്പനാണ്. പശ്ചാത്തല സംഗീതം - Rocky Bhai തീം.)

(കട്ടിലിന്റെ സൈഡിലെത്തിയ ഡോക്ടർ—സുമതി നിൽക്കുന്നതിന് എതിർവശം—സിസ്റ്റർ സുമതിയോട് തട്ടിക്കയറുന്നു.)

Cardiologist: “Tell me which idiot asked for cardiology consultation for this gasping patient?”

സുമതി: “അതെന്നാ വർത്തമാനമാ ഡോക്ടർ? Gasping പേഷ്യന്റിന് ഹൃദയമില്ലേ? ഇത് ഡയറക്ടർ ലിസ്റ്റിൻ സാർ നേരിട്ട് പറഞ്ഞ Consultation ആണ്. ഇന്ന് തന്നെ Diagnosis ആക്കണം എന്ന് പറഞ്ഞു.”

(കലിപ്പൻ Cardiologist ഒന്ന് തണുക്കുന്നു. പിന്നെ രോഗിയുടെ നെഞ്ചിൽ വെറുതെ Stethoscope വയ്ക്കുന്നു. സുമതിയുടെ കയ്യിൽ നിന്ന് ഫയൽ വാങ്ങി നോക്കുന്നു. അതിനിടയിൽ പറയുന്നു:)

Cardiologist: “ഒരു എമർജൻസി ECG, Echo, Trop-I ഇതൊക്കെ ചെയ്യ്. എന്നിട്ട് നാളെ വിളിക്ക്.” (തിരിച്ച് ഫയൽ സുമതിയുടെ കയ്യിൽ കൊടുക്കുന്നു.)

സുമതി: “അപ്പോൾ Diagnosis?”

Cardiologist: (ഒരു നിമിഷം Gasping ചെയ്യുന്ന പേഷ്യന്റിനെ നോക്കി) “Diagnosis ‘ECG variation’ എന്ന് തന്നെ എഴുതിയേര്.”

(അയാൾ ഇറങ്ങിപ്പോകുമ്പോൾ അടുത്ത ഡോക്ടർ കയറിവരുന്നു. പശ്ചാത്തല സംഗീതം മാറുന്നു. അയാൾ ഇറങ്ങിപ്പോകുന്ന കലിപ്പനെ നോക്കി നിറചിരിയോടെ സുമതിയുടെ അടുത്തേക്ക് വരുന്നു. സുമതിയുടെ അതേവശത്ത് ചേർന്ന് നിൽക്കുന്നു. സിസ്റ്റർ ഫയൽ നീട്ടുന്നു.)

Neuro: (ഫയൽ വാങ്ങി) “Cardio ഇന്ന് നല്ല കലിപ്പിലാണല്ലോ... സുമതി സിസ്റ്റർ എന്തെങ്കിലും പറഞ്ഞു പേടിപ്പിച്ചോ?”

സുമതി: “അതെന്നാ വർത്തമാനമാ സാറേ.” (ചിരിക്കുന്നു)

Neuro: “പിന്നെയന്താണ്?” (ശൃംഗാരഭാവത്തിൽ ചിരിക്കുന്നു)

സുമതി: “പേഷ്യന്റ് ഇടയ്ക്കിടെ ഒരു കാല് വലിക്കുന്നുണ്ട്. Neuro-യെ കാണിക്കാൻ ലിസ്റ്റിൻ സാർ പറഞ്ഞു.”

Neuro: “ലിസ്റ്റിൻ സാർ പറഞ്ഞാൽ കാണാതിരിക്കാൻ പറ്റുമോ അല്ലേ സിസ്റ്റർ? (ചിരി) കാലിന്റെ ഒരു CT-യും MRI-യും എടുപ്പിച്ചേര് സിസ്റ്ററെ.”

(ഫയൽ തിരിച്ചു നൽകി അയാൾ തിരിയുന്നു. ശ്രദ്ധിക്കേണ്ട കാര്യം ഇതിനിടയിൽ രണ്ടു പേരും പേഷ്യന്റിനെ നോക്കുന്നേയില്ല.)

സുമതി: “ഡോക്ടർ, അപ്പോൾ Diagnosis?”

Neuro: (തിരിഞ്ഞു നോക്കാതെ) “CT-യും MRI-യും Ortho-ക്കാരെ കാണിച്ചാൽ മതി. അവര് പറയട്ടെ.”

(Neuro പോകുമ്പോൾ മസിൽ പെരുപ്പിച്ച് ധൃതിയിൽ Ortho കയറിവരുന്നു. പശ്ചാത്തല സംഗീതം മാറുന്നു. OT-യിൽ നിന്നിറങ്ങിയ ക്ഷീണത്തിൽ അയാൾ സിസ്റ്ററുടെ നേരെ കൈ നീട്ടുന്നു.)

Ortho: “CT-യും MRI-യും തരൂ സിസ്റ്റർ.”

സുമതി: (ഫയൽ നൽകിക്കൊണ്ട്) “ഡോക്ടർ പേഷ്യന്റ് Gasping ആണ്.”

Ortho: (CT, MRI യിൽ മാത്രം ശ്രദ്ധിക്കുന്നു) “സിസ്റ്റർ, ഒരു K-wire-ഉം നാല് പ്ലേറ്റും 15 സ്ക്രൂവും ആയി പേഷ്യന്റിനെ തിയേറ്ററിലേക്ക് Shift ചെയ്യൂ.” (ഇതു പറഞ്ഞ് പോകുന്നു.)

(ഇതിനിടയിൽ ലിസ്റ്റിനും ലിസിയും എത്തുന്നു. സുമതിയുടെ വശത്ത് നിൽക്കുന്നു.)

ലിസ്റ്റിൻ: “ആരെങ്കിലും Diagnosis പറഞ്ഞോ സുമതി സിസ്റ്റർ?”

സുമതി: (സങ്കടത്തോടെ തലയാട്ടി) “ഇല്ല സാർ. ആള് ഗ്യാസ്പിങ്ങാണ്.”

ലിസ്റ്റിൻ: “കൊള്ളാം! ഞാൻ ഒരു മിടുക്കൻ ആളോട് വരാൻ പറഞ്ഞിട്ടുണ്ട്. പുള്ളി Diagnosis-ഉം പറയും തരുണിയെ കെട്ടുകയും ചെയ്യും!”

ലിസി: (ലിസ്റ്റിനെ തോണ്ടി) “ദാ, ആള് വന്നല്ലോ!”

(സ്യൂട്ടിട്ട 'ജാഡ തെണ്ടി' (J.T) കടന്നുവരുന്നു. സ്യൂട്ടിൽ പല ഡിഗ്രികൾ പലയാവർത്തി എഴുതിയിരിക്കുന്നു. കൂടെ ഒരു ഫ്രീക്കൻ അസിസ്റ്റന്റ് നിപുണനുമുണ്ട് വേഷവിധാനത്തിൽ പെട്ടെന്ന് ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഇനമാണ് നിപുണൻ. J.T ലിസ്റ്റിനെയും ലിസിയെയും നോക്കുന്നു പോലുമില്ല.)

J.T: “സിസ്റ്റർ, പേഷ്യന്റിന്റെ ഫയൽ പ്ലീസ്.”

സുമതി: (ഫയൽ കൊടുക്കുന്നു) “പേഷ്യന്റ് ഗ്യാസ്പിങ്ങ് ആണ് സാർ.”

J.T: “I can see that, I have eyes, sister.” (ഫയൽ വാങ്ങി തുറക്കുക പോലും ചെയ്യാതെ നിപുണന്റെ കയ്യിൽ കൊടുക്കുന്നു) “നിപുണാ, ആ ചെറിയ സ്പാനർ ഇങ്ങ് എട്.”

(നിപുണൻ സ്ലിംഗ് ബാഗിൽ നിന്ന് ടോർച്ച് കൊടുക്കുന്നു. J.T പേഷ്യന്റിന്റെ മുഖത്ത് ടോർച്ചടിച്ചു നോക്കുന്നു. പിന്നെ മറുവശത്തെ ഗണത്തെ നോക്കി പറയുന്നു.)

J.T: “ഗിയർ ബോക്സിന്റെ ഹൗസിങ്ങ് കംപ്ലീറ്റ് ഔട്ടാണ്.”

ലിസ്റ്റിൻ: (ആകാംക്ഷയോടെ) “അപ്പോൾ Diagnosis എന്താണ് ഡോക്ടർ?”

J.T: (ആശ്ചര്യത്തോടും പുച്ഛത്തോടും) “Diagnosis-ഓ? അതു പറയാനാണോ എന്നെ വിളിച്ചത്?”

(പെട്ടെന്ന് വെന്റിലേറ്റർ ബസർ അടിക്കാൻ തുടങ്ങുന്നു. രോഗി കൈയുയർത്തി ആംഗ്യം കാണിക്കുന്നു. ബസർ കേട്ട് തരുണി കയറി വരുന്നു.)

തരുണി: “എന്താണിത്? Diagnosis ആയില്ലേ ഇതുവരെ?”

J.T: “See Miss Tharuni, പേഷ്യന്റിന്റെ എഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി!”

(ബസർ വീണ്ടും അടിക്കുന്നു. പേഷ്യന്റ് കൈപൊക്കുന്നു. ഇതിനിടയിൽ നിപുണൻ വെന്റിലേറ്ററിൽ എന്തോ ചെയ്ത് പേഷ്യന്റിന്റെ ഓക്സിജൻ മാസ്ക് നേരെയാക്കുന്നു. Gasping നിൽക്കുന്നു, പേഷ്യന്റ് എഴുന്നേറ്റിരിക്കുന്നു. അന്തംവിട്ട് ചുറ്റും നോക്കുന്നു.)

നിപുണൻ: (എല്ലാവരെയും നോക്കി ഉറക്കെ) “ഡയഗ്നോസിസ് ഈസ് ഹൈപ്പോക്സിയ (Hypoxia)! നിസ്സാര സംഗതി!”

(എല്ലാവരും ഞെട്ടി നിൽക്കുന്നു. തരുണി തന്തയെയും തള്ളയെയും നോക്കി പുച്ഛത്തോടെ ചിരിക്കുന്നു.)

തരുണി: “അപ്പോ Dad, തീരുമാനമായില്ലേ? ഡയഗ്നോസിസ് നടത്തിയത് ഈ 'നിപുണൻ' ആണ്. അപ്പോ എന്റെ കല്യാണം...”

ലിസ്റ്റിൻ: (ഞെട്ടലോടെ നിപുണനെ നോക്കുന്നു) “മോളേ! ഇവന് എന്ത് ഡിഗ്രിയുണ്ട്? ഇവന്റെ സ്യൂട്ടിൽ ഒന്നും എഴുതിയിട്ടില്ലല്ലോ! ഇവൻ വെറുമൊരു അസിസ്റ്റന്റല്ലേ?”

തരുണി: (പുച്ഛത്തോടെ) “No! ഈ പേഷ്യൻ്റിൻ്റെ ഡിസ്ചാർജ് സമ്മറിയിൽ ഡോക്ടറുടെ പേര് തരുണി നിപുണൻ എന്നായിരിക്കും. ഇത് സത്യം, സത്യം, സത്യം!”

ലിസ്റ്റിൻ: (മനസ്സില്ലാ മനസ്സോടെ) “ശരി, മോളുടെ ആഗ്രഹം പോലെ നടക്കട്ടെ!”

ലിസി റാണി: (വേഗം ഫോണെടുത്ത് ലൈവ് ഇടുന്നു) “ഹലോ ഗയ്സ്! ലിസ്റ്റിൻസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരു 'വെറൈറ്റി' മരുമകൻ ലാൻഡിംഗ് നടത്താൻ പോവുകയാണ്. സ്റ്റേ ട്യൂൺഡ് ഫോർ സേവ് ദ ഡേറ്റ്!”

(പേഷ്യന്റ് പെട്ടെന്ന് എഴുന്നേറ്റിരിക്കുന്നു.)

പേഷ്യന്റ്: “ഹലോ! എനിക്ക് കല്യാണമൊന്നും വേണ്ട... എന്നെ ഒന്ന് ഡിസ്ചാർജ് ചെയ്താൽ മതി.”

ലിസ്റ്റിൻ: (സുമതിയുടെ നേരെ നോക്കി അടക്കം പറയുന്നു) “സിസ്റ്റർ സുമതി… കല്യാണം കഴിയുന്നത് വരെ ഇവനെ സർജ്ജിക്കൽ വാർഡിൽ അഡ്മിറ്റ് ചെയ്തേര്. ഇവൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത് തരുണിയുടെയും നിപുണന്റെയും മിടുക്കിലാണെന്ന് ഒരു പരസ്യപരമ്പര ചെയ്യേണ്ടതാണ്.” (പിന്നെ എല്ലാം കേട്ട് പകച്ചു നിൽക്കുന്ന നിപുണനെ നോക്കി) “സേവ് ദ ഡേറ്റ് മോനേ!”

(പശ്ചാത്തല സംഗീതം ഒരു കല്യാണപ്പാട്ടിന്റെ പാരഡിയിലേക്ക് മാറുന്നു. അറ്റൻഡർമാർ പേഷ്യന്റിനെ ബലമായി പിടിച്ച് കട്ടിലിൽ കിടത്തി തള്ളി പുറത്തേക്ക് പോകുന്നു. ബാക്കിയുള്ളവർ സ്റ്റേജിൽ ഡാൻസ് തുടങ്ങുന്നു.)

തിരശ്ശീല വീഴുന്നു.





Comments

Random Old Posts