Glutathione - Sulumol Production
ഗ്ലൂട്ടാത്തയോൺ
ഡിസംബറിലെ ഒരു ദിവസം. ഉച്ചയ്ക്ക് ക്ലിനിക്കിൽ ഞാൻ ഫ്രീ ആയിരുന്നു. എന്തൊക്കെയോ വായിച്ചു സമയം കൊല്ലുന്ന നേരത്താണ് അവർ എന്നെ കാണാൻ വരുന്നത് — കഷ്ടിച്ച് പതിനെട്ടു വയസ്സു തോന്നിക്കുന്ന ഒരു പയ്യനും, പതിനഞ്ചോ പതിനാറോ വയസ്സു വരുന്ന ഒരു പെൺകുട്ടിയും.
അവർ എന്റെ കാബിനിൽ കയറി. പയ്യൻ അധികം മിണ്ടാതെ ഇരുന്നു. പെൺകുട്ടി പറഞ്ഞു — വെളുക്കാൻ വേണ്ടി ഗ്ലൂട്ടാത്തയോൺ ഇഞ്ചക്ഷൻ എടുക്കാനാണ് വന്നതെന്ന്. എന്റെ ക്ലിനിക്കിൽ ഗ്ലൂട്ട ഇഞ്ചക്ഷൻ എടുക്കാൻ വരുന്ന ഒത്തിരി ആൾക്കാർ ഉണ്ട്.
IV ഗ്ലൂട്ടാത്തയോൺ സ്കിൻ വൈറ്റനിങ്ങിന് വ്യാപകമായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത് ഒരു FDA approved treatment അല്ല. അതേപോലെ അനാഫൈലാക്സിസ്, സ്റ്റീവൻ ജോൺസൺ സിൻഡ്രോം, TEN ഒക്കെ സൈഡ് എഫക്ട് ആയി വരാം. മാത്രമല്ല, ആഴ്ചയിൽ ഒരു ഇഞ്ചക്ഷന് അത്യാവശ്യം നല്ല റേറ്റും വരും.
ഇവരെ കണ്ട് സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി — ഒരു ഐഡിയയും ഇല്ലാതെ ഇൻസ്റ്റാഗ്രാം കണ്ട് ഇൻഫ്ലുവൻസ്ഡ് ആയി, ഗ്ലൂട്ടാത്തയോൺ ഇഞ്ചക്ഷൻ എടുത്താൽ വെളുത്തു ചാറും എന്ന വിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്ന്.
പെൺകുട്ടി വാതോരാതെ സംശയങ്ങൾ ഉന്നയിക്കുന്നു. ഗ്ലൂട്ടാത്തയോൺ പയ്യനു വേണ്ടിയാണ്. കണ്ടപ്പോൾ തന്നെ അത്ര വലിയ ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് ഇല്ലെന്ന് എനിക്കു മനസ്സിലായി. സമയം ധാരാളം ഉള്ളതുകൊണ്ട് ഞാൻ അവരോട് വിശദമായി സംസാരിച്ചു — ഗ്ലൂട്ടാത്തയോൺ ഇഞ്ചക്ഷൻ വളരെ വില കൂടിയതാണെന്നും, അത് എടുത്താൽ എല്ലാവരും വെളുക്കില്ലെന്നും, വെളുത്താൽ തന്നെ ഒരു ഷെയ്ഡ് ഡിഫറൻസ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും, മൂന്നു മാസം തുടർച്ചയായി എടുക്കേണ്ടി വരുമെന്നും, എല്ലാം കൂടി നല്ല റേറ്റ് ആവുമെന്നും, നിർത്തുമ്പോൾ കളർ ബാക്ക് റ്റു നോർമൽ ആകുമെന്നും — പലവട്ടം പല വിധത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചു. ഏതാണ്ട് നാല്പത്തിയഞ്ചു മിനിറ്റ് അവർക്കു വേണ്ടി ഞാൻ ചെലവഴിച്ചു. എന്റെ ബ്രെയിൻ എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു — "Prasy, don't entertain these people. They may turn into a nuisance for you."
അവർ മാവേലിക്കരയിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞു. ഇത്രയും ദൂരം വളരെ പ്രതീക്ഷയോടെയാണ് വന്നതെന്നും, പയ്യൻ ഇന്ത്യയ്ക്കു പുറത്തേക്ക് പോവുകയാണെന്നും, അതിനു മുന്നേ എന്തായാലും വെളുക്കണമെന്നും അവൾ പറഞ്ഞു.
ഞാൻ പറഞ്ഞ കാര്യങ്ങൾ വിശദമായി മനസ്സിലാക്കി, പേരന്റ്സിനോട് ഡിസ്കസ് ചെയ്ത ശേഷം വരാൻ പറഞ്ഞ് അവരെ മടക്കിയയച്ചു.
പിറ്റേന്നു രാവിലെ ക്ലിനിക്കിൽ എത്തിയ ഞാൻ നോക്കിയപ്പോൾ — ദേ, ഉണ്ണിക്കണ്ണൻ (പയ്യൻ) ഗ്ലൂട്ടാത്തയോൺ ഇഞ്ചക്ഷൻ എടുക്കാൻ റെഡിയായി വന്നിരിക്കുന്നു!
എന്റെ മെന്റർ സർ പറഞ്ഞിട്ടുണ്ട് — "If you refuse treatment to a client stating medicolegal complications, they will go to another doctor (sometimes not even a doctor — a beautician or just some dentist) and get it done, and you will lose that money."
മെന്ററിന്റെ വാക്കുകൾ വേദവാക്യം പോലെ സൂക്ഷിക്കുന്ന ഞാൻ അവന് ഗ്ലൂട്ട ഇഞ്ചക്ഷൻ കൊടുക്കാൻ തീരുമാനിച്ചു. പക്ഷേ സ്വന്തം റിസ്കിൽ വേണം ഇഞ്ചക്ഷൻ എടുക്കാനെന്ന് അവനോട് പറഞ്ഞു. കൺസന്റിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് എഴുതിച്ചേർക്കാൻ സ്റ്റാഫിനോട് പറഞ്ഞു.
ഉണ്ണിക്കണ്ണൻ കൺസന്റുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഞാൻ റൂമിൽ ഇരുന്ന് CCTV-യിൽ കണ്ടു. അവൻ ഒപ്പിട്ട കൺസന്റ് എന്നെ കാണിക്കണമെന്ന് സ്റ്റാഫിനോട് പ്രത്യേകം പറഞ്ഞേല്പിച്ചു. കൺസന്റ് സ്റ്റാഫ് കൊണ്ടുവന്നപ്പോൾ ഒപ്പ് നോക്കിയ ഞാൻ ഞെട്ടി — അവൻ "അശോകൻ" എന്ന വ്യാജപേരിലാണ് ഒപ്പിട്ടിരിക്കുന്നത്! ചോദിച്ചപ്പോൾ പറഞ്ഞു, അതു അച്ഛന്റെ പേരാണെന്ന്. സ്വന്തം പേരിൽ ഒപ്പിടാൻ പറഞ്ഞ് എന്റെ മുന്നിൽ വെച്ച് സൈൻ ചെയ്യിപ്പിച്ചു.
ഇഞ്ചക്ഷൻ എടുക്കാൻ വേണ്ടി സ്റ്റാഫ് ചെന്നപ്പോൾ ഉണ്ണിക്കണ്ണൻ പറഞ്ഞു — ഒരു വയൽ മതിയെന്ന്. അതിനുള്ള ക്യാഷ് മാത്രമേ പുള്ളിയുടെ കയ്യിലുള്ളൂ. ഒരു വയൽ എടുത്തിട്ട് ഒരുപയോഗവുമില്ലെന്ന് സ്റ്റാഫ് ഉപദേശിച്ചു. ഞാനും അവനെ കൗൺസൽ ചെയ്തു. പക്ഷേ ഉണ്ണിക്കണ്ണൻ വാശി പിടിച്ച് ഒരു വയൽ മാത്രം എടുപ്പിച്ചു.
രണ്ടു-മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഉണ്ണിക്കണ്ണന്റെ കാമുകി വിളിച്ചു — ഉണ്ണിക്കണ്ണന് മാറ്റമൊന്നുമില്ലെന്ന്. എട്ടു മുതൽ പന്ത്രണ്ടു ഡോസ് മിനിമം എടുക്കണമെന്നു പറഞ്ഞ് റിസപ്ഷനിസ്റ്റ് അവളെ സമാധാനിപ്പിച്ചു.
അടുത്ത ആഴ്ച ഉണ്ണിക്കണ്ണൻ രണ്ടാമത്തെ ഡോസിന് വന്നു. ഇപ്രാവശ്യം ഞങ്ങളുടെ നിർബന്ധം കാരണം രണ്ടു വയൽ ഇട്ടു. മൂന്നാമത്തെ ആഴ്ച വന്നപ്പോൾ എന്തൊക്കെയോ ഒരു ഫ്രെഷ്നെസ്സ് സ്കിന്നിന് വന്നു. സ്റ്റാഫ് അവനോട് പറഞ്ഞപ്പോൾ അവനും സമ്മതിച്ചു.
നാലാമത്തെ ആഴ്ച ഉണ്ണിക്കണ്ണൻ വന്നില്ല. പകരം അവന്റെ കാമുകിയുടെ ഫോൺ കോൾ വന്നു — "നിങ്ങൾ ഗ്ലൂട്ടാത്തയോൺ എടുത്താൽ വെളുക്കും എന്നു പറഞ്ഞ് ഞങ്ങളെ പറ്റിച്ചു. ഉണ്ണിക്കണ്ണന് ഒരു നിറവ്യത്യാസവുമില്ല, പൈസ തിരിച്ചു തരണം." പിന്നാലെ കുറേ തെറി വിളിയും.
പിന്നാലെ ഉണ്ണിക്കണ്ണന്റെ അമ്മയുടെ ഫോൺ. uneducated, uncultured ആയ ആ ലേഡി എന്തൊക്കെയോ ഭാഷയിൽ ഫോണിൽ കൂടി തെറി വിളിക്കുന്നു. ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ പോലും അവർ അവസരം തരുന്നില്ല. കാൽ കോഴ്സ് പോലും കംപ്ലീറ്റ് ചെയ്യാത്ത, ശരിയായ ഡോസ് എടുക്കാത്ത ഉണ്ണിക്കണ്ണൻ എങ്ങനെ വെളുക്കും?
പിറ്റേന്നു രാവിലെ എന്റെ PRO ക്ലിനിക്കിൽ ഫോണുമായി വരുന്നു. ഗൂഗിൾ ബിസിനസ് പേജ് മുഴുവൻ ഉണ്ണിക്കണ്ണന്റെയും കൂട്ടുകാരുടെയും നെഗറ്റീവ് റിവ്യൂകൾ! ഞാൻ വ്യാജ ഡോക്ടറാണെന്നു പോലും റിവ്യൂ ഇട്ടിരിക്കുന്നു. "പൈസയ്ക്കു വേണ്ടി ആളുകളെ പറ്റിക്കാൻ ഒരു മടിയുമില്ലാത്ത സ്ത്രീ." "ആ സ്ത്രീ MBBS പോലും പാസായിട്ടില്ല." — അങ്ങനെ എന്റെ അച്ഛനപ്പൂപ്പന്മാരെ വരെ തെറി വിളിച്ചിരിക്കുന്നു. ഒരാഴ്ച മുഴുവൻ ഉണ്ണിക്കണ്ണൻ പല പേരുകളിൽ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തുകൊണ്ടേയിരുന്നു.
അങ്ങനെ ഞങ്ങൾ ഇവനെതിരെ സൈബർ പോലീസ് സ്റ്റേഷനിൽ കംപ്ലെയ്ന്റ് കൊടുക്കാൻ തീരുമാനിച്ചു. PRO അവനെ വിളിച്ച് കംപ്ലെയ്ന്റ് കൊടുക്കാൻ പോകുന്ന കാര്യം പറഞ്ഞു. അപ്പോൾ അവൻ പത്തു റിവ്യൂ കൂടി എക്സ്ട്രാ ആഡ് ചെയ്തു!
PRO പരാതി എഴുതി, ഞങ്ങൾ രണ്ടു പേരും കൂടി സൈബർ പോലീസ് സ്റ്റേഷനിൽ കംപ്ലെയ്ന്റുമായി പോയി. അവിടെ ചെന്നപ്പോൾ അവർ ചോദിച്ചു — "നിങ്ങൾക്ക് ആളിനെ അറിയാമല്ലോ, പിന്നെ എന്തിനാണ് ഇവിടെ പരാതി തന്നത്?"
എന്തായാലും പരാതി കൊടുത്ത സ്ഥിതിക്ക് അവർ അത് ആക്സപ്റ്റ് ചെയ്ത് അക്നോളജ്മെന്റ് കാർഡ് തന്നു. ഇതിനിടയിൽ പല പോലീസുകാരും എന്നോട് ഗ്ലൂട്ടാത്തയോൺ ഇഞ്ചക്ഷന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയുണ്ടായി. ഉണ്ണിക്കണ്ണനെ ഒരു പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാമെന്നും, അന്നേ ദിവസം ഞാനും പോലീസ് സ്റ്റേഷനിൽ എത്തണമെന്നും നിർദേശിച്ചു. സൈബർ സ്റ്റേഷനിലെ SI അന്നവിടെ ഇല്ലായിരുന്നു. പിറ്റേന്ന് ഫോൺ കോൾ വന്നു — ഇരുപത്തിയഞ്ചാം തിയതി രാവിലെ പതിനൊന്നു മണിക്ക് ഹാജരാകാൻ.
ഇരുപത്തിയഞ്ചാം തിയതി ഞാനും PRO-യും സൈബർ സ്റ്റേഷനിൽ എത്തി. ഉണ്ണിക്കണ്ണൻ അഞ്ചാറ് ലേഡീസിനോടൊപ്പം പോലീസ് സ്റ്റേഷനിൽ നിൽക്കുന്നു. ലേഡീസിനെ കണ്ടാൽ തന്നെ അറിയാം — കോളനികളിലൊക്കെ താമസിക്കുന്ന വഴക്കാളി സ്ത്രീകളാണെന്ന്. ഞങ്ങൾ പോലീസ് സ്റ്റേഷനിൽ കയറുമ്പോൾ തന്നെ ഈ ചേച്ചിമാർ ഞങ്ങളെ പല തെറികളും വിളിക്കുന്നുണ്ടായിരുന്നു.
കുറേ നേരം വെയ്റ്റ് ചെയ്തപ്പോൾ SI ഞങ്ങളെ വിളിപ്പിച്ചു. എന്റെ പരാതി കയ്യിലെടുത്ത പുള്ളി അത് വായിക്കാൻ കൂടി മെനക്കെടാതെ അസിസ്റ്റന്റിനോട് എന്താണ് കാര്യമെന്ന് ദേഷ്യത്തിൽ ചോദിച്ചു. പുള്ളി ഒരു വലിയ ദേഷ്യക്കാരനായിരുന്നു.
അസിസ്റ്റന്റ് പറഞ്ഞു — "ഈ പയ്യൻ ഡോക്ടറുടെ ഗൂഗിൾ പേജിൽ കയറി മോശം റിവ്യൂ പോസ്റ്റ് ചെയ്തു, അതാണ് കേസ്."
SI എന്നോട്: "എടോ, അവൻ ഇന്ത്യൻ പൗരനാണ്. ഇന്ത്യൻ പൗരന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്."
ഞാൻ: "സർ, അവൻ ഗ്ലൂട്ടാത്തയോൺ..." — എന്നെ മുഴുവനായി പറയാൻ പോലും അയാൾ സമ്മതിച്ചില്ല. കയ്യിലിരുന്ന പരാതി ടേബിളിലേക്ക് വലിച്ചെറിഞ്ഞു. എന്തോ പറയാൻ ശ്രമിച്ച എന്റെ PRO-യെ വല്ലാതെ ശാസിച്ചു.
ഉണ്ണിക്കണ്ണൻ പറഞ്ഞു അവന് നഷ്ടപരിഹാരം വേണമെന്ന്. ഇതു കേട്ട് ദേഷ്യം വന്ന SI-യുടെ അസിസ്റ്റന്റ് അവനോട് പറഞ്ഞു — ഞാൻ മാനനഷ്ടത്തിന് കേസ് കൊടുത്താൽ അവൻ അതിന്റെ പുറകേ നടക്കേണ്ടി വരുമെന്ന്.
ഇയാളോട് ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്ന് മനസ്സിലായ ഞാൻ മിണ്ടാതെ നിന്നു. SI അസിസ്റ്റന്റിനോട് രണ്ടു പേരെയും ഒപ്പിട്ടു പറഞ്ഞുവിടാൻ പറഞ്ഞു. കേരളത്തിലെ പോലീസ് സ്റ്റേഷൻ ഇത്രയ്ക്കും മോശമാണോ എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു. ജനമൈത്രിക്ക് പല അർത്ഥങ്ങളും എന്റെ മനസ്സിൽ മിന്നിമാഞ്ഞു.
അവർ തന്ന പേപ്പറിൽ ഞാൻ ഒപ്പിട്ടു, പക്ഷേ ഉണ്ണിക്കണ്ണൻ ഒപ്പിട്ടില്ല. അവൻ പുറത്തിറങ്ങി കൂടെ വന്ന ഒരു ചേച്ചിയോട് (കണ്ടിട്ട് പഞ്ചായത്ത് മെംബർ അല്ലെങ്കിൽ ലോക്കൽ പൊളിറ്റീഷ്യൻ ആണെന്നു തോന്നുന്നു) കാര്യങ്ങൾ പറയുന്നു. ചേച്ചി ചാടിത്തുള്ളി — "നമുക്ക് കോമ്പ്രമൈസ് പറ്റില്ല!" എന്നു പറഞ്ഞുകൊണ്ട് SI-യുടെ റൂമിലേക്ക് ചാടിക്കയറി.
ശത്രുപക്ഷത്താണെങ്കിലും ചേച്ചിക്കു സംഭവിക്കാൻ പോകുന്ന അവസ്ഥയെക്കുറിച്ച് ഓർത്ത് ഞാനും PRO-യും പരസ്പരം ഞെട്ടലോടെ നോക്കി. സിംഹത്തിന്റെ മടയിൽ കയറിയ ചേച്ചിയുടെ സംസാരവും, തൊട്ടു പുറകേ SI-യുടെ ഗർജ്ജനവും കേട്ടു. റൂമിൽ നിന്നു പാഞ്ഞിറങ്ങിയ SI അലറി — "ആരാണ് ഈ അഹങ്കാരി സ്ത്രീയെ അകത്തേക്കു കയറ്റി വിട്ടത്?!" പേടിച്ചു വിറച്ച് ഒരു മൂലയിൽ നിന്ന എന്നെയും PRO-യെയും നോക്കി പറഞ്ഞു —
"ഡോക്ടർ പൊക്കോ, ഞാൻ ഇവനും ഈ സ്ത്രീക്കും എതിരെ കേസെടുക്കാൻ പോവുകയാണ്."
SI-യ്ക്കു പുറകേ സ്ത്രീ പുറത്തേക്കു വന്ന് എന്നോട് പറഞ്ഞു — "നിന്നെയൊക്കെ ഞാൻ കൺസ്യൂമർ കോർട്ടിൽ കണ്ടോളാം!"
ഒന്നും മിണ്ടാതെ ഞാനും PRO-യും ഓടി കാറിൽ കയറി ക്ലിനിക്കിലേക്ക് മടങ്ങി. ഇനി എന്തു പരാതി വന്നാലും പോലീസ് സ്റ്റേഷനിൽ കംപ്ലെയ്ന്റ് കൊടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചു.
ഒരാഴ്ച കഴിഞ്ഞു — എനിക്കൊരു ഫോൺ കോൾ. നമ്പർ നോക്കിയപ്പോൾ "Kerala Police Calling". എന്റെ ശരീരമാകെ തളർന്നു. ഗുരുവായൂരപ്പാ... ഇനി കേസിന്റെ ബാക്കിക്കു വേണ്ടി സ്റ്റേഷനിലേക്ക് വിളിക്കുന്നതാണോ? ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.
അപ്പുറത്തുനിന്ന്: "Prasy മാഡം അല്ലെ?"
ഞാൻ: "അതെ."
മറുതലയ്ക്കൽ: "ഇത് ആലപ്പുഴ പോലീസ് സ്റ്റേഷനിൽ നിന്ന് മിസ്റ്റർ X ആണ്."
ഞാൻ: "പറയൂ സർ."
മറുതലയ്ക്കൽ: "ഞങ്ങൾ അഞ്ച് പോലീസുകാർക്ക് ഗ്ലൂട്ടാത്തയോൺ IV ഇഞ്ചക്ഷൻ എടുക്കണം. അഞ്ചു പേർക്കായതുകൊണ്ട് ഡിസ്കൗണ്ട് റേറ്റിൽ ചെയ്തു തരണം!"
മനസ്സിൽ അഞ്ച് ലഡ്ഡു ഒരുമിച്ചു പൊട്ടിയ ഞാൻ — "വരൂ സർ, വരൂ! നമുക്ക് നല്ല ഡിസ്കൗണ്ട് റേറ്റിൽ ചെയ്യാം. എപ്പോൾ വേണമെങ്കിലും വന്നോളൂ!"
മറുതലയ്ക്കൽ: "ശരി ഡോക്ടർ, ഞങ്ങൾ വിളിച്ചിട്ടു വരാം."
ക്ലിനിക്കിൽ സ്റ്റാഫിനോട് വിവരം പറഞ്ഞപ്പോൾ PRO പറഞ്ഞു — "മാഡം, നമുക്ക് ഇടയ്ക്കിടെ പോലീസ് സ്റ്റേഷനിൽ കംപ്ലെയ്ന്റുമായി പോകാം!"
അനുബന്ധം
ഇതിന്റെ അവസാന പേജ് എഴുതിക്കൊണ്ടിരുന്നപ്പോൾ സ്റ്റാഫ് വന്നു പറഞ്ഞു — "മാഡം, രണ്ടു പോലീസുകാർ വന്നിട്ടുണ്ട്. ഷൂ ഇട്ടു കയറട്ടെ?"
"ഓക്കെ" എന്നു പറഞ്ഞ ഞാൻ, തിരിഞ്ഞു നോക്കുമ്പോൾ വാതിൽ തുറന്ന് അകത്തു കയറിയത് — ആലപ്പുഴ SP!

Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.