അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ
- സന്ദേശം - ഒരു മിന്നായം പോലെയാണത് കണ്ടത്, ചക്രവാളത്തിൽ.. ഒരു പാട്ടിന്റെ വാലിൽ തൂങ്ങിയാടി ഒരു പറ്റം ആളുകൾ, പറന്നിറങ്ങാൻ ഒരു സമതലം പോലും ഇല്ലാതെ... കെട്ടിപ്പൊതിഞ്ഞ ചോറിന്റെ എണ്ണ കണക്കുകൾ ഒരേണിയുമായി വരുമെന്ന് സ്വപ്നം, വരാത്തതിൽ അമർഷം... എറിഞ്ഞു കൊടുത്ത അരി കൊത്തിപ്പെറുക്കിയിരുന്ന കോഴിക്കൂട്ടങ്ങൾക്ക് വിപ്ലവത്തിന്റെ വെളിച്ചം, അതിന്റെ മൊത്തക്കച്ചവടം നമ്മൾക്കല്ലേ എന്ന് രാജാവിന് സന്ദേഹം... നിലാവത്തു അഴിഞ്ഞു വന്നാൽ നീലക്കുറുക്കന്റെ ഗാനമേള ഉണ്ടെന്ന് ഒരു പറ്റം വെള്ളകുറുക്കന്മാർ... എന്റെ കുളത്തിലെ വാൽ മാക്രികളൊക്കെയും നിങ്ങൾക്ക് തന്നെ എന്ന് ഒരു താമരപ്പൂവിന്റെ വാഗ്ദാനം... മസാലയിൽ ഒരുങ്ങി മരിക്കണോ തീയിൽ കരിഞ്ഞു മരിക്കണോ എന്നറിയാതെ ഉഴറി കോഴിക്കൂട്ടങ്ങൾ... - മഴയൊഴിഞ്ഞ സ്വപ്നം - മഴയൊഴിഞ്ഞ തട്ടകങ്ങളിൽ വേഴാമ്പലുകൾ തളർന്നുവീണു... വിളിച്ചാൽ വരാത്ത മഴ വിളിപ്പാടകലെ മുഖം തിരിച്ച്... കരിഞ്ഞുണങ്ങിയ പച്ചപ്പുകൾ ഒരു തീപ്പൊരിയിൽ ജീവനൊടുക്കി... നിരത്തിയ കുടങ്ങളുടെ നീളം എണ്ണി ഓരോ പകലറുതിയിലും വെയിൽ ആർത്തു ചിരിച്ചു... മായാൻ മടിച്ച ഒഴുക്കടയാളങ്ങളിൽ കണ്ണുനീരൊഴുക്കി പുഴ പകരം വീട്ടി... തേങ്ങലുകൾ ഒതുക്കി അടക്...