ജോർജ്ജുമോന്റെ കത്തികൾ - എന്റെ മാനം കീറിയ പെരിനിയൽ റ്റെയർ

വളരെ ഉല്ലാസകരമായ ഒരു സൺഡേ ആയാണ് ആ ദിവസം തുടങ്ങിയത്. പിള്ളേരുടെ കൂടെ ബാഡ്മിൻ്റൺ കളി. അത് കഴിഞ്ഞ് അവരുമൊത്ത് ആറ്റിൽ കുളി. അങ്ങനെ നീന്തി രസിക്കവേ പെട്ടെന്ന് അമ്മിണി (എൻ്റെ ഭാര്യ) ഓടിവന്നു. എന്തോ സീരിയസായ സംഭവം പറയാൻ പോകുകയാണെന്ന് അവളുടെ മുഖത്തുനിന്ന് ഞാൻ വായിച്ചെടുത്തു. ഒരു നിമിഷം ആറ്റിലെ തണുത്ത വെള്ളത്തിൽ ഞാൻ ഫ്രീസ് ആയി. “എന്താ അമ്മിണി?” “ദേ, മാഡം (ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ്) ഫോണിൽ വിളിച്ചു. അത്യാവശ്യമായി ലേബർ റൂം വരെ ചെല്ലാൻ പറഞ്ഞു.” “എന്താ കാര്യം?” “കാര്യമൊന്നും പറഞ്ഞില്ല. എന്തോ എമർജൻസി ആണെന്ന് തോന്നുന്നു. നിങ്ങൾ ആ വെള്ളത്തിൽ കിടക്കാതെ ഒന്ന് വേഗം ചെല്ല്.” മനസ്സില്ലാമനസ്സോടെ ഞാനും പിള്ളേരും ആറ്റിൽനിന്ന് കയറി. ഞാൻ ധൃതിയിൽ ഡ്രസ്സ് മാറി വണ്ടി എടുത്തുപോകുന്ന വഴി മാഡത്തെ വിളിച്ചു. “എന്തുപറ്റി മാഡം, എന്താ വരാൻ പറഞ്ഞത്?” കാറിൻ്റെ സ്പീക്കറിൽനിന്ന് മാഡത്തിൻ്റെ ശബ്ദം മുഴങ്ങി. “നീ ഇതുവരെ വീട്ടിൽനിന്ന് ഇറങ്ങിയില്ലേ? ഉടനെ ഇങ്ങോട്ട് വാ. ഒരു നോർമൽ ഡെലിവറിയാണ്, പക്ഷേ റെക്ടൽ ഇൻജുറി ഉണ്ട്. നീ വന്ന് റിപ്പയർ ചെയ്യണം.“ “ശരി മാഡം, ഞാനിതാ എത്തി.” ഞാൻ ആക്സിലറേറ്ററിൽ കാലമർത്തി. എന്നെക്കണ്ടതും...